1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2012

ഭഗവദ് ഗീതാ വ്യാഖ്യാനത്തിന്റെ റഷ്യന്‍പരിഭാഷ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ബുധനാഴ്ച അന്തിമവിധി പറയാനിരിക്കെ, റഷ്യയിലെ ഏറ്റവുംവലിയ ഹൈന്ദവക്ഷേത്രം ഒഴിപ്പിക്കല്‍ ഭീഷണിയില്‍. റഷ്യയുടെ നിയുക്ത പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്റെ ജന്മസ്ഥലമായ സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗിലെ ക്ഷേത്രത്തിനാണ് ഭീഷണി. രാജ്യത്തെ ഏറ്റവുംവലിയ ഹൈന്ദവ സാംസ്‌കാരികകേന്ദ്രവും ക്ഷേത്രവും നിലനില്‍ക്കുന്ന കെട്ടിടത്തിന്റെ ഉടമകള്‍ വസ്തുതര്‍ക്കത്തെച്ചൊല്ലി പാട്ടക്കരാര്‍ റദ്ദാക്കാന്‍ നിയമനടപടി തുടങ്ങിയതാണ് ക്ഷേത്രം അടച്ചിടേണ്ടിവരുമെന്ന ആശങ്കയ്ക്കുപിന്നില്‍.

അഗ്‌നിശമനസുരക്ഷാചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് എട്ടുനിലക്കെട്ടിടത്തിന്റെ ഉടമകള്‍ ക്ഷേത്രം ഒഴിപ്പിക്കാനുള്ള വിധി സമ്പാദിച്ചത്. എന്നാല്‍ സാംസ്‌കാരികകേന്ദ്രം സമര്‍പ്പിച്ച അപ്പീലില്‍ മേല്‍ക്കോടതി ഒഴിപ്പിക്കല്‍ മാര്‍ച്ച് 29വരെ തടഞ്ഞിരുന്നു. ഹിന്ദുമതക്കാര്‍ക്കിടയില്‍ സംസ്‌കൃതവും യോഗയുമടക്കമുള്ള പുരാതന ഇന്ത്യന്‍സംസ്‌കാരം പ്രചരിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രം പാട്ടക്കരാറില്‍ പറയുന്ന ഒരു നിബന്ധനയും ലംഘിച്ചിട്ടില്ലെന്ന് കേന്ദ്രത്തിന്റെ ചെയര്‍മാന്‍ സുരെന്‍ കരപത്യാന്‍ പറയുന്നു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ഹിന്ദുമതത്തിനെതിരെ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമാണ് ക്ഷേത്രത്തിനെതിരായ നീക്കമെന്ന് സുരെന്‍ ആരോപിച്ചു.

ഭഗവദ്ഗീതയുടെ റഷ്യന്‍പതിപ്പിലെ തീവ്രവാദ സ്വഭാവമുള്ള വ്യാഖ്യാനം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സൈബീരിയന്‍ നഗരമായ ടോംസ്‌കിലെ കോടതി ബുധനാഴ്ച അന്തിമവിധി പുറപ്പെടുവിക്കുന്നത്. മറ്റു മതവിശ്വാസികള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലാണ് ഇതിന്റെ ഉള്ളടക്കമെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഹരേകൃഷ്ണ പ്രസ്ഥാനക്കാര്‍ പുറത്തിറക്കിയ ഭക്തിവേദാന്ത സ്വാമി പ്രഭുപാദയുടെ തര്‍ജമയും വ്യാഖ്യാനവുമാണ് റഷ്യയില്‍ കോടതി കയറിയിരിക്കുന്നത്. ഗ്രന്ഥം നിരോധിക്കണമെന്ന ഹര്‍ജി നേരത്തേ തള്ളിയിരുന്നു. ഹര്‍ജി കോടതി പരിഗണിച്ചത് ഇന്ത്യയില്‍ വന്‍പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.