സ്വന്തം ലേഖകന്‍: ഇരുപതു വര്‍ഷത്തിനുശേഷം പാക്കിസ്ഥാനില്‍ ഒരു ഹിന്ദു കാബിനറ്റ് മന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായ ഷഹീദ് അബ്ബാസിയുടെ 47 അംഗ മന്ത്രിസഭയിലാണ് ഹിന്ദുവായ ദര്‍ശന്‍ ലാല്‍ ചരിത്രം സൃഷ്ടിച്ച് കാബിനറ്റ് മന്ത്രിയായത്.
ഡോക്ടറായ ദര്‍ശന്‍ ലാല്‍ സിന്ധ് പ്രവിശ്യയിലെ മിര്‍പൂര്‍ മതേലൊ സ്വദേശിയാണ്. 2013ല്‍ പിഎംഎല്‍എന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ന്യൂനപക്ഷ സംവരണ സീറ്റില്‍നിന്ന് രണ്ടാം തവണയും ദര്‍ശന്‍ ലാല്‍ ദേശീയ അസംബ്ലിയിലെത്തുകയായിരുന്നു.
സിന്ധ് പ്രവശ്യയിലെ ഖോട്ഡി ജില്ലയിലെ മിര്‍പൂര്‍ മതേലൊ പട്ടണത്തില്‍ താമസിക്കുന്ന 65 കാരനായ ദര്‍ശന്‍ ലാല്‍ ഡോക്ടറാണ്. നാല് പാകിസ്താനി പ്രവിശ്യകള്‍ക്കിടയിലെ പരസ്പര ബന്ധങ്ങളുടെ സംഘാടന ചുമതലയാണ് ദര്‍ശന്‍ ലാലിന് മന്ത്രിസഭയില്‍ ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
സുപ്രീംകോടതി അയോഗ്യനാക്കിയ നവാസ് ഷരീഫിന്റെ വിശ്വസ്തര്‍ ഉള്‍പ്പെട്ട മന്ത്രിസഭയ്ക്കാണ് അബ്ബാസി രൂപം നല്കിയത്. മന്ത്രിസഭയില്‍ 28 ഫെഡറല്‍ മന്ത്രിമാരും 19 സഹമന്ത്രിമാരുമാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല