സ്വന്തം ലേഖകന്‍: മരിച്ചുപോയ മകന്റെ സ്വത്തില്‍ അമ്മക്കുള്ള അവകാശം സംബന്ധിച്ച് ദേദഗതി വരുന്നു. മകന്റെ മരണ ശേഷം മാതാവിനു ലഭിക്കുന്ന സ്വത്ത് അവരുടെ കാലശേഷം മകന്റെ ഭാര്യക്കും മക്കള്‍ക്കും മാത്രം കൈമാറ്റം ചെയ്യപ്പെടണം എന്നാണ് പുതിയ ഹിന്ദു പിന്‍തുടര്‍ച്ചാവകാശ ഭേദഗതി ബില്ലിന്റെ ഉള്ളടക്കം.
ഹിന്ദു കുടുംബങ്ങളില്‍ മകന്‍ മരിച്ചാല്‍ അമ്മക്ക് അവകാശമായി ലഭിക്കുന്ന സ്വത്തില്‍, അവരുടെ കാലശേഷം മക്കള്‍ക്കെല്ലാം തുല്യാവകാശമായിരുന്നു. ഇത് അനീതിയാണെന്നു ചൂണ്ടിക്കാട്ടി ഒട്ടേറെ നിവേദനങ്ങള്‍ സര്‍ക്കാരിനു ലഭിച്ചിരുന്നു.
മകന്‍ സമ്പാദിച്ച സ്വത്ത് ഭാര്യക്കും മക്കള്‍ക്കും ചെന്നു ചേരേണ്ടതിനു പകരം അതിലൊരു ഭാഗം സഹോദരങ്ങള്‍ പങ്കിടുന്നതാണു പലരും ചോദ്യം ചെയ്തത്. എന്നാല്‍ പുതിയ ഭേദഗതി ബില്‍ ഒരു ഹിന്ദു സ്ത്രീക്ക് അവളുടെ മരിച്ച പുത്രനില്‍ നിന്ന് അനന്തരാവകാശിക്കായി ലഭിച്ച ഏതെങ്കിലും വസ്തു ഒന്നാം ഉപവകുപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള മറ്റ് അനന്തരാവകാശികള്‍ക്ക്, അതില്‍ നിര്‍ദേശിച്ച പ്രകാരം സംക്രമിക്കുന്നതല്ലാത്തതും എന്നാല്‍ മരിച്ച ഏതു പുത്രനില്‍ നിന്നാണോ അവള്‍ക്കു വസ്തു അനന്തരാവകാശമായി ലഭിച്ചത് ആ പുത്രന്റെ അനന്തരാവകാശികളിലേക്കു സംക്രമിക്കുന്നതുമാകുന്നു എന്ന് ആശയക്കുഴപ്പങ്ങളില്ലാത്ത വിധം വ്യക്തമാക്കുന്നു.
1956 ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ ബില്ലാണ് ഇങ്ങനെ ഭേദഗതി ചെയ്യുന്നത്.
കുടുംബ സ്വത്തിനു പുറമെ മകന്‍ സ്വന്തമായി സമ്പാദിച്ച സ്വത്തുപോലും അര്‍ഹതയുള്ള ഭാര്യക്കും മക്കള്‍ക്കും ലഭിക്കാതെ പോകുന്ന സാഹചര്യമായിരുന്നു നിലവില്‍. മക്കള്‍ സാമ്പത്തിക ക്ലേശത്തില്‍ കഴിയുമ്പോള്‍, അര്‍ഹതയില്ലാത്തവര്‍ അനുഭവിക്കുന്ന ഒട്ടേറെ ഉദാഹരണങ്ങള്‍ പലരും ചൂണ്ടിക്കാണിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല