സ്വന്തം ലേഖകന്‍: ഹിന്ദു സംഘടനയായ ഹിന്ദു സ്വയം സേവക് സംഘിന് ബ്രിട്ടീഷ് ചാരിറ്റി കമ്മീഷന്റെ താക്കീത്. ചാരിറ്റി സംഘടനകളെ നിയന്ത്രിക്കുന്ന സമിതിയാണ് ആര്‍എസ്എസിന്റെ ആഗോള സംഘടനയായ ഹിന്ദു സ്വയം സേവക് സംഘിന് താക്കീത് നല്‍കിയത്. എച്ച്എസ്എസിന്റെ ക്യാംപില്‍ മുസ്ലീം, ക്രിസ്ത്യന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതായി ഒരു ചാനല്‍ അടുത്തിടെ ഒളിക്യാമറയിലൂടെ പുറത്ത് കൊണ്ടുവന്നിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
1966 മുതല്‍ ബ്രിട്ടനില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ് ഹിന്ദു സ്വയം സേവക് സംഘ്. ആര്‍.എസ്.എസിന്റെ ആദര്‍ശങ്ങള്‍ പിന്തുടരുന്ന എച്ച്.എസ്.എസ് ആര്‍.എസ്.എസിന്റെ അതേ ശൈലിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഓഗസ്റ്റില്‍ ലൂട്ടനില്‍ നടന്ന എച്ച്.എസ്.എസിന്റെ മഹാശിബിരത്തില്‍ ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് പങ്കെടുക്കുകയും ചെയ്തിരുന്നു.
2014 ഓഗസ്റ്റില്‍ സംഘ് ശിക്ഷാ വിരാഗ് എന്ന പരിപാടിയില്‍ നടന്ന വര്‍ഗീയ പ്രസംഗമാണ് നടപടിയിലേക്ക് നയിച്ചത്. 2015 ജനുവരിയില്‍ ഐ.ടിവിയാണ് വര്‍ഗീയ പ്രസംഗം സംപ്രേക്ഷണം ചെയ്തത്. ഈ വീഡിയോ ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് ചാരിറ്റി കമ്മീഷന്‍ സംഘടനക്ക് താക്കീത് നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല