1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2024

സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ഏറ്റവും സമ്പന്നമായ കുടുംബത്തിലെ നാലംഗങ്ങള്‍ക്ക് അവരുടെ ജനീവയിലെ വില്ലയില്‍ വേലക്കാരെ ചൂഷണം ചെയ്തു എന്ന കുറ്റത്തിന് സ്വീസ് കോടതി ശിക്ഷ വിധിച്ചു. ഇന്ത്യന്‍ വംശജരായ പ്രകാശ് ഹിന്ദുജ, ഭാര്യ കമല്‍ ഹിന്ദുജ, മകന്‍ അജയ്, മകന്റെ ഭാര്യ നമ്രത എന്നിവരാണ് ചൂഷണം, അനധികൃതമായി ആളെ ജോലിക്ക് നിയമിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തായി സ്വീസ് കോടതി കണ്ടെത്തിയത്. നാല് മുതല്‍ നാലര വര്‍ഷം വരെ നീണ്ട തടവ് ശിക്ഷകളാണ് ഇവര്‍ക്ക് ലഭിച്ചത്.

അതേസമയം, കൂടുതല്‍ ഗുരുതരമായ ശിക്ഷ ലഭിക്കുമായിരുന്ന മനുഷ്യക്കടത്ത് കേസില്‍ ഇവര്‍ കുറ്റ വിമുക്തരാക്കപ്പെട്ടിട്ടുണ്ട്. ഈ വിധിക്കെതിരെ അപ്പീലിന് പോകുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ അറിയിച്ചു. ഹിന്ദുജമാരെ ശിക്ഷിച്ചുകൊണ്ടുള്ള വിധി ഞെട്ടിക്കുന്നതാണെന്നു, ഇതിനെതിരെ അപ്പീലിന് പോകുമെന്നും അവരെ പ്രതിനിധീകരിച്ച നിയമജ്ഞന്‍ റോബര്‍ട്ട് അസ്സീല്‍ കോടതിക്ക് പുറത്തു പറഞ്ഞു.

ഇന്ത്യയില്‍ നിന്നും കൊണ്ടുവന്ന മൂന്ന് തൊഴിലാളികള്‍ പറഞ്ഞത് 18 മൊണിക്കൂര്‍ വരെ ജോലി ചെയ്യിച്ച്, പ്രതിദിനമ 7പൗണ്ട് (8 ഡോളര്‍) മാത്രമാണ് വേതനം നല്‍കിയിരുന്നത് എന്നായിരുന്നു. സ്വീസ്സ് നിയമപ്രകാരം നല്‍കേണ്ട വേതനത്തിന്റെ പത്തിലൊന്നില്‍ താഴെ മാത്രമെ ഇത് വരുന്നുള്ളു. മാത്രമല്ല, ഇവരുടെ പാസ്സ്‌പോര്‍ട്ട് പിടിച്ചു വയ്ക്കുകയും ചെയ്തു എന്ന ആരോപണവും ഇവര്‍ ഉയര്‍ത്തിയിരുന്നു.

37 ബില്യന്‍ പൗണ്ടോളം ആസ്തിയുള്ള ഹിന്ദുജ കുടുംബം, വേലക്കാരെ വീടിന് പുറത്തു പോകാന്‍ അനുവദിക്കാറില്ല എന്നും വേലക്കാര്‍ ആരോപിച്ചിരുന്നു. ജനീവയിലെ അതി സമ്പന്നര്‍ താമസിക്കുന്ന കൊളോണി മേഖലയിലാണ് ഹിന്ദുജമാരുടെ വില്ല സ്ഥിതി ചെയ്യുന്നത്. ഹിന്ദുജമാര്‍ അവരുടെ വളര്‍ത്തു നായ്ക്കള്‍ക്കായി ചെലവഴിക്കുന്നതിനേക്കാള്‍ കുറവ് തുക മാത്രമാണ് മൊത്തം വേലക്കാര്‍ക്ക് വേതനമായി നല്‍കുന്നതെന്ന് കേസ് വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

അതേസമയം, ആവശ്യത്തിനുള്ള ആനുകൂല്യങ്ങള്‍ക്ക് തൊഴിലാളികള്‍ക്ക് നല്‍കീയിട്ടുണ്ടെന്നും, അവരെ ഏകന്തവാസത്തിന് നിര്‍ബന്ധിതരാക്കിയിട്ടില്ലെന്നും, വീട് വിട്ട് പുറത്ത് പോകുന്നതിന് വിലക്ക് കല്പിച്ചിരുന്നില്ലെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. കൂടുതല്‍ മെച്ചപ്പെട്ട ജീവിതം നല്‍കിയതിന് തൊഴിലാളികള്‍ ഹിന്ദുജമാരോട് നന്ദിയുള്ളവരാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.

70 വയസ്സിന് മുകളില്‍ പ്രായമുള്ള പ്രകാശ്- കമല്‍ ഹിന്ദുജമാര്‍ ആരോഗ്യ പ്രശ്നങ്ങളാല്‍ കോടതി നടപടികളില്‍ നേരിട്ട് പങ്കെടുത്തിരുന്നില്ല. അവരുടെ മകന്‍ അജയ് ഹിന്ദുജയും ഭാര്യ നമ്രതയും വിചാരണ സമയത്ത് കോടതിയില്‍ ഉണ്ടായിരുന്നെങ്കിലും വിധി കേള്‍ക്കാനായി കാത്തു നിന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.