
സ്വന്തം ലേഖകൻ: ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി തന്നെ ട്വിറ്ററിൽ പങ്കുവെച്ചു. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ, യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്കി, ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രസീൽ പ്രസിഡന്റ് ഇനാസിയോ ലുല ഡ സിൽവ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, കുക്ക് ദ്വീപ് പ്രധാനമന്ത്രി മാർക്ക് ബ്രൗൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചത്.
‘അത്ഭുതകരമായ സംഭാഷണം’ എന്ന തലക്കെട്ടോടെയാണ് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയും അദ്ദേഹത്തിന്റെ ഭാര്യയുമായും നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇന്തോനേഷ്യയുമായി ശക്തമായ ബന്ധം വളർത്തിയെടുക്കുന്നതിന് ഇന്ത്യ വലിയ പ്രാധാന്യം നൽകുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റിൽ കുറിച്ചു.
ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളുമായുള്ള കൂടിക്കാഴ്ചയിൽ വ്യാപാരം, നിക്ഷേപം, പ്രതിരോധം, അർദ്ധചാലകങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യകൾ തുടങ്ങിയ നിർണായക മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട് ജി7 ഉച്ചകോടിക്കിടെ ഉഭയകക്ഷി-നയപരമായ പങ്കാളിത്തത്തിന്റെ സമഗ്രമായ അവലോകനം നടത്തി എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
റഷ്യ- യുക്രെയ്ൻ സംഘർഷം ആരംഭിച്ച ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയത്. ജി7 ഉച്ചകോടിക്കിടെ ഉഭയകക്ഷി ചർച്ചകളിൽ ഏർപ്പെട്ടു. ഉഭയകക്ഷി ബന്ധത്തിൽ മുന്നോട്ടുള്ള എല്ലാ സഹകരണത്തിന് വഴി കണ്ടെത്തുന്നതിനും സംഭാഷണത്തിനും നയതന്ത്രത്തിനും വ്യക്തമായ പിന്തുണ അറിയിച്ചു. യുക്രെയ്നിലെ ജനങ്ങൾക്ക് സഹായം നൽകുന്നത് തുടരുമെന്ന് നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.
ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഉഭയകക്ഷി ചർച്ചയിൽ ഏർപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, സംസ്കാരം എന്നിവയുൾപ്പെടെ ഇന്ത്യ-ഫ്രാൻസ് ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി വിഷയങ്ങൾ ചർച്ച ചെയ്യാൻ അവസരം ലഭിച്ചുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഹിരോഷിമയിൽ നടന്ന ജി7 ഉച്ചകോടിക്കിടയിൽ കുക്ക് ദ്വീപുകളുടെ പ്രധാനമന്ത്രി മാർക്ക് ബ്രൗണിനെ കണ്ടുവെന്നും ഇരുവരും തമ്മിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായിയും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതിയെക്കുറിച്ച് സമഗ്രമായ അവലോകനം നടത്തിയെന്നും പ്രാദേശിക വികസനങ്ങളെക്കുറിച്ചും ആഗോള വെല്ലുവിളികളെക്കുറിച്ചും ചർച്ചകൾ നടത്തിയതായും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
തുടരുന്ന യുദ്ധത്തിൽ യുക്രെയിൻ്റെ പക്ഷത്തേക്ക് ആളെക്കൂട്ടാൻ ഹിരോഷിമയിൽ നേരിട്ടെത്തിയ വ്ളോദിമിര്‍ സെലിൻസ്കിയായിരുന്നു ജി7 യോഗത്തിൽ ഇന്നലത്തെ പ്രധാന ചർച്ച. റഷ്യ ബാക്മത്ത് കീഴടക്കിയെന്ന വാർത്തകൾ പുറത്ത് വരുന്ന ഘട്ടത്തിലായിരുന്നു യോഗവും തുടർന്നുപോയത്. സെലിൻസ്കിയുമായി നേരിട്ട് ചർച്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധപരിഹാരത്തിനായി പൂർണശക്തിയുമെടുത്ത് ഇടപെടാൻ ശ്രമിക്കുമെന്ന് വാക്ക് നൽകിയിട്ടുണ്ട്. യുക്രെയിൻ സന്ദർശനത്തിനും സെലിൻസ്കി മോദിയെ ക്ഷണിച്ചിട്ടുണ്ട്. സഹകരിക്കുന്നുണ്ടെങ്കിലും ഇന്ത്യ റഷ്യൻ പക്ഷത്തെന്ന് സംശയിക്കുന്നുണ്ട് യൂറോപ്പ്. റഷ്യയുമായുള്ള ഇന്ത്യൻ എണ്ണ വ്യാപാരവും യൂറോപ്പിനെ ചൊടിപ്പിക്കുന്ന സംഗതികളിലൊന്നാണ്.
പരിസ്ഥിതി വിഷയങ്ങളിൽ ഐക്യം ഉറപ്പാക്കാനും ജി7 യോഗത്തിൽ തീരുമാനമായി. ജി7 രാജ്യങ്ങൾ 2050നകം കാർബൺ ന്യൂട്രലാകുമെന്നാണ് പ്രഖ്യാപനം. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ 2070ൽ കാർബൺ ന്യൂട്രൽ ആകണമെന്നും ജി7 അഭ്യർത്ഥിച്ചിട്ടുണ്ട്. നിർമിതബുദ്ധി വിഷയത്തിൽ അന്താരാഷ്ട്ര സാങ്കേതിക സഹകരണം ഉറപ്പാക്കണമെന്നാണ് ജി7 രാജ്യങ്ങളുടെ പ്രഖ്യാപനം. അതേസമയം, ജി7 യോഗത്തിനെതിരെ ഹിരോഷിമയുടെ തെരുവിൽ പ്രതിഷേധം കടുക്കുന്നുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല