ലണ്ടന്‍: ലോകചരിത്രത്തിന്റെ കാണാപ്പുറങ്ങളിലേക്കുള്ള വഴികാട്ടിയാവുന്ന, കേരളത്തില്‍ കണ്ടെടുത്ത അപൂര്‍വ ചെമ്പോലത്താളുകള്‍ പരിശോധിക്കാന്‍ ബ്രട്ടീഷ് മ്യൂസിയത്തില്‍ ഒരുക്കങ്ങള്‍. കേരളത്തില്‍ നിന്നും ഖനനംചെയ്‌തെടുത്ത ഒമ്പതാം നൂറ്റാണ്ടിലെ തരിസാപ്പള്ളിപ്പട്ടയം അഥവാ തരിസാപ്പള്ളി ചെപ്പേടാണ് പഴയ ചരിത്രസങ്കല്‍പ്പങ്ങളെ വഴി തിരിച്ചുവിടുന്നത്. ഈ ചരിത്രരേഖ പരിശോധിക്കാന്‍ പ്രമുഖചരിത്രപണ്ഡിതര്‍ ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ അടുത്തമാസം ഒത്തുകൂടുകയാണ്. ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ബ്രട്ടീഷ് മ്യൂസിയത്തില്‍ നടക്കുന്ന പ്രത്യേക ശില്‍പ്പശാലയില്‍ തരിസാപ്പള്ളി ചെപ്പേടിലെ സമ്പൂര്‍ണവിവരങ്ങള്‍ അവലോകനം ചെയ്യും. കേരളത്തില്‍ നിന്നുള്ള എം.ആര്‍. രാഘവവാര്യര്‍, ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസര്‍ കേശവന്‍ വെളുത്താട്ട് എന്നിവര്‍ ലണ്ടനിലെ സംഗമത്തില്‍ കേരളത്തെ പ്രതിനിധാനം ചെയ്യും, പുരാതത്വശാസ്ത്രം, ഭാഷാശാസ്ത്രം, പേര്‍ഷ്യന്‍, ഹീബ്രു, അറബി, തമിഴ്, മലയാളം മുതലായ പല വിഷയങ്ങളിലും പ്രഗത്ഭരായ റോബെര്‍ട്ട ടോംബര്‍, ദാവൂദ് അലി, കാര്‍ലോ ചെറെറ്റി, വിറ്റ്‌നി കോക്‌സ്, ഡൊണാള്‍ഡ് ഡേവിസ്, കെന്നെത്ത് ഹാള്‍, നൊബേറു കരാഷിമ, പിയര്‍ഈവ് മാംഗ്വാന്‍, വൈ. സുബരായലു തുടങ്ങിയവരാണ് ശില്പശാലയില്‍ പങ്കെടുക്കുന്ന പ്രഗത്ഭര്‍.
തരിസാപ്പള്ളി ചെപ്പേടിലൂടെ ഇന്ത്യയും ലോകരാഷ്ട്രങ്ങളും തമ്മിലുള്ള വാണിജ്യബന്ധങ്ങളുടെ ചുരുളഴിക്കുക കൂടിയാണ് ശില്പശാലയുടെ ലക്ഷ്യമെന്ന് പരിപാടിക്കു നേതൃത്വം നല്‍കുന്ന ലെസ്റ്ററിലെ ഡി മോണ്ട്‌ഫോര്‍ട്ട് സര്‍വകലാശാലയിലെ പ്രൊഫ. എലിസബത്ത് ലാംബോണിന്‍ പറഞ്ഞു. ഇന്ത്യാ സമുദ്രത്തിലൂടെ നടന്ന വന്‍വാണിജ്യത്തെയും അതുവഴി സാധിച്ച സാംസ്‌കാരിക വിനിമയത്തെയുംപറ്റി അറിയാനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ. പഴയ മലയാളം, അറബി, പേര്‍ഷ്യന്‍, ഹീബ്രു എന്നീ ഭാഷകളില്‍ വട്ടെഴുത്ത്, ഗ്രന്ഥാക്ഷരം, കൂഫിക് (പഴയ അറബി), പഹ്‌ലവി (പഴയ പേര്‍ഷ്യന്‍), ഹീബ്രു എന്നീലിപികളില്‍ എഴുതപ്പെട്ടതാണ് തരിസാപ്പള്ളിപ്പട്ടയം. എ.ഡി. 849 ല്‍ വേണാട്ടിലെ നാടുവാഴി അയ്യന്‍ അടികള്‍ തിരുവടികള്‍ കൊല്ലത്തെ സുറിയാനി വര്‍ത്തകപ്രമാണിയായിരുന്ന മാര്‍ സപീര്‍ ഈശോവിനും അയാള്‍ പണിത പള്ളിക്കും കുറെ ഭൂമിയും മറ്റ് അവകാശങ്ങളും അട്ടിപ്പേറായി വിട്ടുകൊടുത്തതിന്റെ സുപ്രധാന രേഖയാണ് തരിസാപ്പള്ളിപ്പട്ടയം. ഇതുവരെയും കേരളത്തിന്റെ നാലതിരുകള്‍ക്കപ്പുറം ഈ രേഖ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആദ്യമായാണ് ലോകചരിത്രത്തിന്റെ ഗതിവിഗതികളെ അറിയാനും വിലയിരുത്താനും തരിസാപ്പള്ളി ചെപ്പേട് കടല്‍ കടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല