1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2024

സ്വന്തം ലേഖകൻ: കത്തോലിക്ക സഭയുടെ രാജകുമാരന്മാരുടെ ഗണത്തില്‍ ഇനി മാര്‍ ജോര്‍ജ് കൂവക്കാടും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ഭക്തിസാന്ദ്രമായ സ്ഥാനാരോഹണ ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ചതോടെ മാര്‍ കൂവക്കാട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ഭാരത കത്തോലിക്ക സഭയ്ക്ക് ഇത് ചരിത്ര നിമിഷവും അഭിമാനമുഹൂര്‍ത്തവുമായി.

ഇന്ത്യൻ സമയം രാത്രി 9.23-ന് ഇരുപതാമത്തെ ആളായാണ് മാർ ജോർ‌ജ് കൂവക്കാടിനെ വിളിച്ചത്. ചുവന്ന വസ്ത്രത്തിന് പുറത്ത് കറുത്തവസ്ത്രം ധരിച്ചാണ് മാർ ജോർജ് കൂവക്കാട് സ്ഥാനാരോഹണത്തിനെത്തിയത്‌.

ദൈവത്തിന് എളിമയോടെ ഹൃദയം സമർപ്പിക്കണമെന്നും മറ്റുള്ളവരെക്കുറിച്ച് കരുതൽ വേണമെന്നും പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാനുള്ള വഴിയാണ് നമ്മുടെ മുന്നിലുള്ളതെന്നും നിയുക്ത കർദിനാൾമാരോട് മാർപ്പാപ്പ ആഹ്വാനം ചെയ്തു.

കര്‍ദിനാള്‍ എന്ന വാക്കിന് സഭയുടെ വിജാഗിരിയെന്നും അര്‍ഥമുണ്ട്. പവിത്രമായ ആ വിജാഗിരിയായി ഇനി സഭയുടെ നായകനിരയില്‍ ഇനി കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനമായി കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാടുമുണ്ടാവും.

സഭയ്ക്കായി രക്ഷസാക്ഷിത്വം വഹിക്കാനും തയാറാണെന്നതിന്റെ സൂചനയായിട്ടാണ്‌ ചുവപ്പ് കുപ്പായം ധരിക്കുന്നത്‌. വലതുകൈയില്‍ സ്ഥാനമോതിരവും കര്‍ദിനാള്‍ത്തൊപ്പിയും അണിയിച്ചപ്പോള്‍ കേരളത്തിലെ കത്തോലിക്ക സമൂഹത്തിനും പ്രത്യേകിച്ച് അദ്ദേഹത്തിന്റെ രൂപതയായ ചങ്ങനാശ്ശേരി അതിരൂപതയ്ക്കും അത് അവീസ്മരണീയ നിമിഷമായി.

കര്‍ദിനാള്‍മാര്‍ ഓരോരുത്തരായി വിശ്വാസപ്രഖ്യാപനം നടത്തി മാര്‍പാപ്പയോടുള്ള കൂറും പ്രഖ്യാപിച്ചു. സഭയുടെ രഹസ്യങ്ങള്‍ സൂക്ഷിക്കുമെന്ന സത്യപ്രതിജ്ഞയും ഇതോടൊപ്പം പ്രഖ്യാപിച്ചു. രാവിലെ മുതല്‍ തന്നെ വിവിധ ദേശങ്ങളില്‍ നിന്നായി മലയാളികള്‍ സ്ഥാനാരോഹണ ചടങ്ങിനെത്തിയിരുന്നു. ചടങ്ങുകള്‍ക്ക് മുന്നോടിയായി ബസിലിക്കയില്‍ മുന്‍ ഭാഗത്തായി കര്‍ദിനാള്‍മാരിരുന്നു.

മാര്‍ കൂവക്കാടിനൊപ്പം 21 പേരെയാണ് കര്‍ദിനാള്‍ പദവിയിലേക്ക് മാര്‍പാപ്പ ഉയര്‍ത്തിയത്. ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി എട്ടരയ്ക്ക് നിയുക്ത കര്‍ദിനാള്‍മാരെ പള്ളിയിലേക്ക് ആനയിച്ചതോടെ ചടങ്ങുകള്‍ക്ക് തുടക്കമായത്. ആദ്യം സ്‌തോത്രപ്രാര്‍ഥന. തുടര്‍ന്ന് വായപുസ്തക വായന. അതിന് ശേഷം കര്‍ദിനാള്‍മാര്‍ ഓരോരുത്തരായി വിശ്വാസപ്രഖ്യാപനം നടത്തി. സഭാശുശ്രൂഷയിലുള്ള ഉത്തരവാദിത്വം മാര്‍പാപ്പ പുതിയ കര്‍ദിനാള്‍മാരെ ഓര്‍മിപ്പിച്ചു.

ചടങ്ങിന് സാക്ഷികളാകാന്‍ കേരളത്തിന്റെ പ്രൗഢമായ നിരയുണ്ടായിരുന്നു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് പാടിയത്ത്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉള്‍പ്പെടെയുള്ളവർ ചടങ്ങുകളില്‍ പങ്കെടുത്തു.

സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ നേതൃത്വത്തില്‍ ഏഴംഗം സംഘവും വത്തിക്കാനിലെ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, രാജ്യസഭാംഗമായ ഡോ.സത്‌നാം സിങ് സന്ധു, ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി, യുവമോര്‍ച്ച മുന്‍ ദേശീയ സെക്രട്ടറി അനൂപ് ആന്റണി, ബിജെപി മുന്‍ ദേശീയ വക്താവ് ടോം വടക്കന്‍ എന്നിവരായിരുന്നു കേന്ദ്ര സംഘത്തിലുണ്ടായിരുന്നത്. എം.എല്‍.എമാരായ സജീവ് ജോസഫ്, ചാണ്ടി ഉമ്മന്‍ എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയവരില്‍ ഉള്‍പ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.