2002ലെ ഹിറ്റ് ആന്‍ഡ് റണ്‍ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചു. മുംബൈ സെഷന്‍ കോടതിയാണ് സല്‍മാന്‍ ശിക്ഷ വിധിച്ചത്. സല്‍മാനെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞുവെന്ന് വിധി പ്രസ്താവത്തില്‍ കോടതി പറഞ്ഞു. വാഹനം ഓടിച്ചിരുന്നത് തന്റെ ഡ്രൈവറായിരുന്നുവെന്ന സല്‍മാന്റെ വാദം കോടതി തള്ളി. മദ്യപിച്ചാണ് സല്‍മാന്‍ വാഹനമോടിച്ചിരുന്നതെന്ന് വ്യക്തമാണെന്നും അപകട സമയത്ത് സല്‍മാന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും കോടതി പറഞ്ഞു. അതേസമയം വിധി വന്ന് മണിക്കൂറുകള്‍ക്കകം മുംബൈ ഹെക്കോടതി സല്‍മാന് രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.
കോടതി വിധിക്കെതിരെ സല്‍മാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ജാമ്യാപേക്ഷയും കോടതിയില്‍ സമര്‍പ്പിച്ചു. സെഷന്‍ കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്താല്‍ മാത്രമേ സല്‍മാന് ജാമ്യം ലഭിക്കുകയുള്ളൂ.
പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന മനപൂര്‍വ്വമല്ലാത്ത നരഹത്യ, അപകടകരമായ ഡ്രൈവിങ്ങ് തുടങ്ങിയ കുറ്റങ്ങളാണ്് സല്‍മാനെതിരെ ചുമത്തിയിരുന്നത്. സല്‍മാന്‍ ഖാന്റെ വാഹനമിടിച്ച് വഴിയരികില്‍ ഉറങ്ങിക്കിടന്നവര്‍ മരിച്ചുവെന്നാണ് കേസ്.
മുംബൈയിലെ കോടതിയില്‍ തലകുനിച്ച് നിറമിഴികളോടെയാണ് സല്‍മാന്‍ കോടതി വിധി കേട്ടത്.
നടന്റെ അംഗരക്ഷകനും പോലീസുകാരനുമായിരുന്ന രവീന്ദ്ര പാട്ടീലിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. സല്‍മാന്റെ വാഹനമിടിക്കുമ്പോള്‍ നടനൊപ്പം ആ വാഹനത്തില്‍ രവീന്ദ്ര പാട്ടീലും ഉണ്ടായിരുന്നു. സല്‍മാന്‍ മദ്യപിച്ചിരുന്നുവെന്നും അപകടം നടക്കുമ്പോള്‍ സല്‍മാന്‍ തന്നെയാണ് വാഹനമോടിച്ചിരുന്നതെന്നുമാണ് രവീന്ദ്ര പാട്ടീല്‍ നല്‍കിയ മൊഴി.
സല്‍മാന്‍ ചെയ്തത് കുറ്റമാണെന്ന് തെളിഞ്ഞിട്ടും സല്‍മാന് പിന്തുണയുമായി സോഷ്യല്‍ മീഡിയയിലൂടെ ബോളിവുഡ് താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു. ഇതില്‍ ചിലരുടെ പരാമര്‍ശങ്ങള്‍ ഇരകളെ പരിഹസിക്കുന്ന തരത്തിലായിരുന്നു. ഇത് വിവാദമാകുകയും പിന്നീട് ഇവര്‍ മാപ്പ് പറയുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല