ജീവിചിരുന്നപ്പോഴെന്ന പോലെ മരണ ശേഷവും വാര്‍ത്തകളും വിവാദങ്ങളും സൃഷ്ടിക്കുന്നതില്‍ ഹിറ്റ്ലര്‍ എന്നും മുന്നിലാണ്. 1945ല്‍ നാസി ലീഡര്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്തു എന്നാണ് ചരിത്രം. എന്നാല്‍ ആ ചരിത്രം തെറ്റാണെന്ന് ബ്രിട്ടീഷ് എഴുത്തുകാര്‍ തയ്യാറാക്കിയ ഒരു പുസ്തകം പറയുന്നു. 1962ലായിരുന്നുവത്രെ ഹിറ്റ്ലറുടെ മരണം. അത്, ഏവരും വിശ്വസിക്കുന്നതുപോലെ ബെര്‍ലിനില്‍ ആയിരുന്നില്ല, അര്‍ജന്റീനയിലായിരുന്നു!
ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകരായ ജെറാഡ് വില്യംസും സൈമണ്‍ ഡണ്സ്റ്റനും ചേര്‍ന്നെഴുതിയ ‘ഗ്രേ വോഫ്: ദി എസ്കേപ് ഓഫ് അഡോള്‍ഫ് ഹിറ്റ്ലര്‍’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. “ഞങ്ങള്‍ ചരിത്രം തിരുത്തിയെഴുതാനല്ല നോക്കുന്നത്. അഡോള്‍ഫ് ഹിറ്റ്ലര്‍ 1945ല്‍ ആത്മഹത്യ ചെയ്തില്ലായിരുന്നു എന്നും അദ്ദേഹം രക്ഷപ്പെട്ടിരുന്നു എന്നുമുള്ള ഞങ്ങളുടെ കണ്ടെത്തലിനെ അവതരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്” – രചയിതാക്കള്‍ വ്യക്തമാക്കുന്നു.
ഒട്ടേറെ തെളിവുകളും ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടുകളും ഈ ചരിത്ര പുനര്‍വായനയ്ക്ക് രേഖകളായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. “ഹിറ്റ്ലറുടെയും ഭാര്യ ഇവാ ബ്രൌണിന്റെയും മരണത്തിന് ഫോറന്‍സിക് തെളിവുകളില്ല.” ജര്‍മ്മനിയില്‍ നിന്ന് ഹിറ്റ്ലറും ഇവാ ബ്രൌണും അര്‍ജന്റീനയിലേക്ക് രക്ഷപ്പെട്ടെന്നും ശേഷിച്ച കാലം അവിടെ ജീവിച്ചു എന്നുമാണ് ഈ പുസ്തകം പറയുന്നത്. 17 വര്‍ഷം ഹിറ്റ്ലര്‍ അര്‍ജന്റീനയില്‍ താമസിച്ചു എന്നാണ് വെളിപ്പെടുത്തല്‍. ഹിറ്റ്ലറിന്റെ തലയോട്ടിയുടെ അവശിഷ്ടം എന്ന നിലയില്‍ സൂക്ഷിച്ചിരിക്കുന്ന തലയോട്ടി യഥാര്‍ത്ഥത്തില്‍ ഒരു സ്ത്രീയുടേതാണെന്നും പുസ്തകത്തില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല