സ്വന്തം ലേഖകന്‍: ആദ്യം സയനൈഡ് കഴിച്ചു, പിന്നെ സ്വയം വെടിവച്ചു. ഹിറ്റ്‌ലറുടെ മരണത്തിന്റെ ദുരൂഹതയഴിച്ച് ഫ്രഞ്ച് ഗവേഷകര്‍. നാസി ജര്‍മനിയുടെ ഭരണാധികാരിയായിരുന്ന ഹിറ്റ്‌ലറുടെ മരണം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്തുവരാന്‍ കാരണം അദ്ദേഹത്തിന്റെ പല്ലുകളില്‍ നടത്തിയ പഠനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടാം ലോകയുദ്ധത്തില്‍ നാസികളുടെ പരാജയം ഉറപ്പായതോടെ 1945 ഏപ്രില്‍ 30നു ബര്‍ലിനിലെ ഭൂഗര്‍ഭ അറയില്‍ ഹിറ്റ്‌ലറും പങ്കാളി ഈവ ബ്രോണും ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണു പ്രഫ. ഫിലിപ്പ് ഷാര്‍ലിയെയും സംഘവും സ്ഥിരീകരിക്കുന്നത്. മരിക്കാനായി ഹിറ്റ്‌ലര്‍ സയനൈഡ് കഴിച്ചു, പിന്നെ സ്വയം വെടിവച്ചു.
മോസ്‌കോയില്‍ സൂക്ഷിച്ചിട്ടുള്ള ഹിറ്റ്‌ലര്‍ പല്ലുകളുടെ ശേഷിപ്പുകളാണു ഗവേഷകര്‍ പഠനവിധേയമാക്കിയത്. കൊടുംക്രൂരതയിലൂടെ ലോകത്തെ വിറപ്പിച്ച ഏകാധിപതി സസ്യഭുക്കായിരുന്നെന്ന സിദ്ധാന്തവും ശരിവയ്ക്കുന്നുണ്ട്. ഇടതുവശത്തു ദ്വാരമുള്ള തലയോട്ടിയുടെ ശേഷിപ്പുകളും റഷ്യന്‍ അധികൃതര്‍ ഫ്രഞ്ച് സംഘത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും പഠനവിധേയമാക്കാന്‍ അനുവദിച്ചില്ല.
ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്തില്ലെന്നും ശത്രുക്കള്‍ക്കു പിടികൊടുക്കാതെ മുങ്ങിക്കപ്പലില്‍ രക്ഷപ്പെടുകയായിരുന്നു എന്നുമുള്ള കിംവദന്തികള്‍ നേരത്തെ പ്രചരിച്ചിരുന്നു. യുദ്ധപരാജയത്തിനുശേഷം മുങ്ങിക്കപ്പലില്‍ അര്‍ജന്റീനയിലേക്കു രക്ഷപ്പെട്ടു, അന്റാര്‍ട്ടിക്കയിലെ രഹസ്യതാവളത്തില്‍ വര്‍ഷങ്ങളോളം ജീവിച്ചു എന്നിങ്ങനെ നിരവധി സിദ്ധാന്തങ്ങളാണ് ഹിറ്റ്‌ലറെക്കുറിച്ച് പറഞ്ഞുകേട്ടിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല