സ്വന്തം ലേഖകന്‍: ഉത്തരധ്രുവത്തിന് അടുത്ത് ഹിറ്റ്‌ലര്‍ നിര്‍മ്മിച്ച രഹസ്യ നാസി കേന്ദ്രം കണ്ടെത്തി. ഉത്തരധ്രുവത്തില്‍നിന്ന് ആയിരം കിലോമീറ്റര്‍ അകലെ അലക്‌സാന്‍ഡ്ര ലാന്‍ഡ് ദ്വീപിലാണ് ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരം നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന രഹസ്യ നാസി കേന്ദ്രം കണ്ടെത്തിയത്.
നിധിവേട്ടക്കാരന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന താവളം ഇത്രയുംകാലം എവിടെയാണെന്ന് ആര്‍ക്കും ഒരൂഹവുമില്ലായിരുന്നു. നിലവില്‍ റഷ്യയുടെ അധീനതയിലുള്ള പ്രദേശത്തുനിന്ന് ബങ്കറുകളും കടലാസു രേഖകളുമുള്‍പ്പെടെ അഞ്ഞൂറോളം അവശിഷ്ടങ്ങളാണ് കണ്ടെടുത്തിരിക്കുന്നത്. ദ്വീപിലെ തണുത്തുറഞ്ഞ കാലാവസ്ഥയാണ് ഇവയെ സംരക്ഷിച്ചുനിര്‍ത്തിയത്.
റഷ്യയിലെ അധിനിവേശത്തിനുശേഷം 1942 ല്‍ ഈ കാലവസ്ഥാ പഠനകേന്ദ്രം നിര്‍മിക്കാന്‍ ഹിറ്റ്‌ലര്‍ നേരിട്ട് നിര്‍ദേശം കൊടുത്തുവെന്നാണ് ചരിത്രം. രണ്ടു വര്‍ഷത്തിനുശേഷം ഭക്ഷണസാധനങ്ങളുടെ ദൗര്‍ലഭ്യം കാരണം സൈനികര്‍ ധ്രുവക്കരടികളുടെ മാംസം കഴിച്ച് വിഷബാധയേറ്റ് ഇവിടം ഉപേക്ഷിക്കുകയായിരുന്നു.
ഇക്കാര്യങ്ങളെക്കുറിച്ച് എഴുതിവെച്ച വിവരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും എന്നാലിപ്പോള്‍ തെളിവു ലഭിച്ചിരിക്കുകയാണെന്നും റഷ്യന്‍ ആര്‍ട്ടിക് നാഷണല്‍ പാര്‍ക്കിലെ മുതിര്‍ന്ന ഗവേഷകനായ എവജെനി എര്‍മലോവ് പറഞ്ഞു. വെടിയുണ്ടകളും ഷൂസുകളും ഉള്‍പ്പെടെ കണ്ടെടുത്ത സാധനങ്ങളില്‍ നാസി അടയാളമായ സ്വസ്തിക അടയാളപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല