സ്വന്തം ലേഖകൻ: ബ്രിട്ടനിലാകെ പനിയും ജലദോഷവും പടരുമ്പോള്‍, ഇത് സാധാരണ ജലദോഷം മാത്രമാണോ, ഫ്‌ലൂ ആണോ അതോ ഇപ്പോള്‍ എന്‍എച്ച്എസിന് മേല്‍ പുതിയ സമ്മര്‍ദ്ദമായി മാറിയിരിക്കുന്ന ഹ്യുമന്‍ മെറ്റാന്യൂറോവൈറസ് (എച്ച് എം പിവി) ആണോ എന്നറിയാതെ കുഴയുകയാണ് ജനങ്ങള്‍. ഈ രോഗങ്ങള്‍ തിരിച്ചറിയുന്നതിനുള്ള മാര്‍ഗ്ഗങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ വിദഗ്ധര്‍.
ഫ്‌ലൂ വ്യാപകമായി തന്നെ പരന്നു കൊണ്ടിരിക്കുന്നതിനിടെ രാജ്യത്തെ ചില ആശുപത്രികളില്‍ നിന്നും എച്ച് എം പി വി കേസുകള്‍ വര്‍ദ്ധിക്കുന്നതായ അറിയിപ്പും ലഭിക്കുന്നുണ്ട്. ചൈനയില്‍ തിങ്ങി നിറഞ്ഞ ആശുപത്രികളുടെ ചിത്രങ്ങള്‍ക്ക് പുറകില്‍ എച്ച് എം പി വി ആണെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ അധികൃതര്‍ ചൈനീസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍, ശാസ്ത്രജ്ഞര്‍ പറയുന്നത്, എച്ച് എം പി വിയുടെ ലക്ഷണങ്ങള്‍ തീരെ ദുര്‍ബലമായിരിക്കും എന്നാണ്. ഒരു സാധാരണ ജലദോധത്തിന്റെ ലക്ഷണങ്ങള്‍ മാത്രമായിരിക്കും ദൃശ്യമാവുക. എന്നാല്‍, ഫ്‌ലൂ കുറേക്കൂടി ഗുരുതരമായ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കും. എന്നാല്‍, കുട്ടികള്‍, വൃദ്ധര്‍, രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ എച്ച് എം പി വി ഗുരുതരമായ ലക്ഷണങ്ങള്‍ കാണിച്ചേക്കാം എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. മാത്രമല്ല, എച്ച് എം പി വി ഇവരില്‍ ഉണ്ടാക്കുന്ന സങ്കീര്‍ണ്ണത ഫ്‌ലൂ ഉണ്ടാക്കുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും.
ഒട്ടുമിക്ക കേസുകളിലും എച്ച് എം പി വിയുടെ ലക്ഷണങ്ങള്‍ ചുമ, മൂക്കൊലിപ്പ് അല്ലെങ്കില്‍ മൂക്കടപ്പ്, തൊണ്ടയില്‍ അസ്‌കിതകത, നേരിയ പനി എന്നിവയായിരിക്കും. മറ്റു വൈറസുകളെ പോലെ തന്നെ, ശരീരത്തിന്റെ പ്രതിരോധ സംവിധാനം ഈ വൈറസുകള്‍ക്കെതിരെയും പോരാടുന്നതാണ് ഈ ലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കാരണം. എന്നാല്‍, ചിലര്‍ക്ക് ഓക്കാനം, ഛര്‍ദ്ദി എന്നിവയും ഉണ്ടായേക്കാം. ലക്ഷണങ്ങള്‍ ഏതാണ്ട് അഞ്ച് ദിവസം കഴിയുമ്പോള്‍ അപ്രത്യക്ഷമായേക്കാം.
ബ്രോങ്കൈറ്റിസ്, ബ്രോങ്കിയോലിറ്റിസ്, ന്യൂമോണിയ തുടങ്ങി ഗുരുതരമായ ലക്ഷണങ്ങളും ഇത് കാണിച്ചേക്കാം. രോഗപ്രതിരോധശേഷികുറവ് ഉള്ളവരിലാണ് ഇത് കാണപ്പെടുക. കടുത്ത ചുമ, ഏങ്ങിയുള്ള ശ്വാസം വലി, ശ്വാസതടസ്സം എന്നിവയും അനുഭവപ്പെട്ടേക്കാം. ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആശുപത്രിയില്‍ എത്തി പരിശോധിക്കുക തന്നെ വേണം. മൂക്കില്‍ നിന്നുള്ള സ്രവമാണ് ഇതിനായുള്ള ആന്റിജന്‍ ടെസ്റ്റിന് ഉപയോഗിക്കുക.
അതേസമയം, ഇന്‍ഫ്‌ലുവന്‍സ വൈറസ് മൂലമുണ്ടാകുന്ന ഫ്‌ലൂവിന്റെ പ്രധാന ലക്ഷണം ചുമയാണ്. ജലദോഷത്തേക്കാള്‍ കഠിനമായ ലക്ഷണങ്ങള്‍ ഫ്‌ലൂ കാണിക്കും. ആരോഗ്യസ്ഥിതി ഏറെ മോശമായവരില്‍ ഇത് ന്യൂമോണിയയ്ക്ക് കാരണമായാല്‍ ഏറെ ഭയക്കണം. മരണം വരെ സംഭവിക്കാനിടയുണ്ട്. കുളിര്, നേരിയ പനി, തലവേദന, പേശീ വേദന എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണ്. ഛര്‍ദ്ദി, അതിസാരം എന്നിവയും ചില കേസുകളില്‍ കാണാറുണ്ട്. അതിവേഗം ബ്രിട്ടനില്‍ പടര്‍ന്നു കൊണ്ടിരിക്കുകയാണ് ഫ്‌ലൂ. അതുകൊണ്ടുതന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല