സ്വന്തം ലേഖകന്‍: ഹിസ് മാസ്റ്റേഴ്‌സ് വോയിസ് സംഗീതം നിലക്കുമോ? പ്രശസ്ത സംഗീതക്കമ്പനി എച്ച്എംവി അടച്ചുപൂട്ടലിന്റെ വക്കില്‍. 6 വര്‍ഷത്തിനിടയില്‍ 2 ആം തവണയാണു കമ്പനി പ്രതിസന്ധിയിലാകുന്നത്. 2013ല്‍ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കഷ്ടിച്ചു കരകയറിയെങ്കില്‍ ഇത്തവണ അതാവില്ല സ്ഥിതി. അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലായ കമ്പനി ഏറ്റെടുക്കാന്‍ ആരെയും കിട്ടിയില്ലെങ്കില്‍ അടച്ചിടേണ്ടിവരുമെന്ന് ഉറപ്പായതോടെ ബ്രിട്ടനിലെ 125 സ്റ്റോറുകളില്‍ ജോലി ചെയ്യുന്ന 2200 പേരുടെ ജോലിയും അനിശ്ചിത്വത്തിലായി.
ക്രിസ്മസ് വ്യാപാര മാന്ദ്യത്തിന്റെ ആദ്യ ഇരയാണ് ഡിവിഡി വില്‍പനയില്‍ നാലിലൊന്നു ഭാഗമുള്ള എച്ച്എംവി. ഓണ്‍ലൈന്‍ വില്‍പന കൂടുകയും നെറ്റ്ഫ്‌ളിക്‌സ്, സ്‌പോട്ടിഫൈ തുടങ്ങിയ മ്യൂസിക്, മൂവി സ്ട്രീമിങ് സൈറ്റുകള്‍ ആധിപത്യമുറപ്പിക്കുകയും ചെയ്തതോടെയാണ് എച്ച്എംവിയുടെ ശനിദശ കടുത്തത്. നെറ്റ്ഫ്‌ളിക്‌സിന് അടുത്തിടെ ഒരു കോടി വരിക്കാരെന്ന നേട്ടം സ്വന്തമാക്കിയിരുന്നു.
ക്രിസ്മസ് കാലത്തെ സിഡി, ഡിവിഡി വിപണിയില്‍ 30% ഇടിവാണുണ്ടായത്. എച്ച്എംവി മാത്രമല്ല, ബ്രിട്ടനിലെ എല്ലായിനം ചില്ലറ വില്‍പനക്കാരും പ്രതിസന്ധിയിലാണ്. കടകളില്‍ നിന്നുള്ള ക്രിസ്മസ്‌കാല വില്‍പന 5% കുറഞ്ഞപ്പോള്‍ ഓണ്‍ലൈന്‍ വില്‍പന 17% കൂടി. 2008ലെ വ്യാപാരമാന്ദ്യത്തേക്കാള്‍ ഭീകരമാണിത്. 1921 ജൂലൈ 20 നു ലണ്ടനിലാണ് എച്ച്എംവി പ്രവര്‍ത്തനം തുടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല