സ്വന്തം ലേഖകന്‍: മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷിന് അര്‍ജുന പുരസ്‌കാരം. ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് ശ്രീജേഷിന് പുരസ്‌കാരം നല്‍കിയത്. ഇന്ത്യന്‍ ഹോക്കി ടീം വൈസ് ക്യാപ്റ്റനായ ശ്രീജേഷ് എറണാകുളം കിഴക്കമ്പലം കുമാരപുരം എരുമേലി പറാട്ട് വീട്ടില്‍ പി.വി. രവീന്ദ്രന്റെയും ഉഷയുടെയും മകനാണ്.
ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീം അംഗമായിരുന്ന ശ്രീജേഷ് ഒളിംപിക്‌സ്, ലോകകപ്പ്, ഏഷ്യാ കപ്പ് എന്നിവയിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ ഷൂട്ടൗട്ടില്‍ വിജയം സമ്മാനിച്ചതു ശ്രീജേഷിന്റെ മികവായിരുന്നു. തിരുവനന്തപുരം ജിവി രാജാ സ്‌കൂളിലൂടെ വളര്‍ന്ന ശ്രീ, ലോക ഹോക്കിയിലെ മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളാണ്.
രോഹിത് ശര്‍മ (ക്രിക്കറ്റ്), സരിതാ ദേവി (ബോക്‌സിങ്), എം.ആര്‍. പൂവമ്മ (അത്‌ലറ്റിക്‌സ്), ജിത്തു റായ്(ഷൂട്ടിംഗ്), ശരത് (പാരാലിമ്പിക്‌സ്), എന്നിവര്‍ ഉള്‍പ്പെടെ 17 പേരാണ് ഇത്തവണ അര്‍ജുന അവാര്‍ഡിന് അര്‍ഹരായിരിക്കുന്നത്.
കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം രാജ്യത്തെ ഏറ്റവും മികച്ച കായികതാരങ്ങള്‍ക്ക് നല്‍കുന്ന അവാര്‍ഡാണ് അര്‍ജുന. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് വിജയികള്‍ക്ക് ലഭിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല