സ്വന്തം ലേഖകന്‍: നിറം കലക്കിയ വെള്ളം സ്ത്രീകളുടെ ദേഹത്തു വീഴരുതെന്ന് പോലീസ്, മുംബൈയില്‍ ഹോളി ആഘോഷം വിവാദത്തില്‍. നനഞ്ഞൊട്ടി സ്ത്രീകളുടെ നഗ്‌നത വെളിവാകുന്നു എന്ന ആരോപണത്തിന്റെ പേരിലാണ് ഹോളി ആഘോഷങ്ങളില്‍ നിറം കലക്കിയ വെള്ളം ഒഴിക്കുന്നതും ബലൂണില്‍ വെള്ളം നിറച്ച് സ്ത്രീകള്‍ക്ക് നേരെ എറിയുന്നതും നിരോധിച്ചത്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തിന്റെ പട്ടികയില്‍ പെടുത്തി ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്ന് പോലീസ് അറിയിച്ചു. ഹോളി ആഘോഷത്തില്‍ അനുവാദമില്ലാതെ പെണ്‍കുട്ടികളുടെ ഫോട്ടോ എടുക്കുന്നതിനെതിരെ പരാതി കിട്ടിയാല്‍ നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.
ഇക്കാര്യത്തിലുള്ള പരാതികള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനായി മുംബൈ പോലീസ് ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഇതില്‍ സംഭവത്തിന്റെ വിശദാംശങ്ങളും ഇരയുടെ പേരും സംഭവം നടന്ന സ്ഥലവും രേഖപ്പെടുത്താം. പരാതി കിട്ടിയാല്‍ കര്‍ശന നടപടിയെടുക്കാമെന്നാണ് പോലീസിന്റെ ഉറപ്പ്.
നിറം കലക്കിയ ബലൂണ്‍ എറിഞ്ഞാല്‍ എറിയുന്നയാളുടെ കുമിള തങ്ങള്‍ തകര്‍ക്കുമെന്നാണ് മുംബൈയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ‘പ്‌ളേ ജന്റില്‍മേന്‍സ് ഹോളി’ എന്ന പേരിലാണ് ട്വിറ്റര്‍ അക്കൗണ്ട്. ഹോളി ആഘോഷത്തില്‍ അശ്‌ളീലം കലര്‍ന്ന പാട്ടുകള്‍ വക്കരുത്, വര്‍ഗീയ കലാപത്തിന് കാരണമാകുന്ന ചിത്രങ്ങളോ സിംബലുകളോ മുദ്രാവാക്യം വിളികളോ നടത്തരുത് എന്നിങ്ങനെ കര്‍ശന നിര്‍ദ്ദേശങ്ങളാണ് മുംബൈ പോലീസ് പുറത്തിറക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല