സ്വന്തം ലേഖകൻ: സുല്‍ത്താനേറ്റിന് ഇന്ന് 54–ാം ദേശീയദിനം. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന് അഭിവാദ്യങ്ങളര്‍പ്പിക്കുകയാണ് സ്വദേശികളും പ്രവാസി സമൂഹവും. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി കെട്ടിടങ്ങളും മറ്റും അലങ്കരിക്കുന്നപ്രവൃത്തികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. പാതയോരങ്ങളും കെട്ടിടങ്ങളും ദേശീയ പതാകകള്‍ കൊണ്ടും പതാക വര്‍ണങ്ങള്‍ കൊണ്ടും ശോഭനീയമാക്കി.
സുല്‍ത്താന്റെ ഛായകള്‍ ആലേഖനം ചെയ്ത് നാടും നാട്ടുകാരും നഗരങ്ങളും ആഘോഷത്തിലാണ്. വര്‍ണാഭമാണ് നഗരവും ഗ്രാമങ്ങളും. സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങളുമെല്ലാം ദേശീയദിനാഘോഷത്തിനുള്ള ഒരുക്കം പൂര്‍ത്തിയാക്കി. പ്രവാസി സമൂഹവും ആഘോഷങ്ങളില്‍ പങ്കു ചേരുന്നു.
ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സൂഖുകളിലും ചെറുകിട മേഖലയിലും ഇന്നലെ തിരക്ക് അനുഭവപ്പെട്ടു. വ്യാപാര മേഖലയും ഇത്തവണ ഉണര്‍വ്വുണ്ടായി. അതേസമയം, പതാക വര്‍ണവും ഭരണാധികാരിയുടെ ചിത്രവും ആലേഖനം ചെയ്ത് വാഹനങ്ങള്‍ ഇത്തവണ നിരത്തുകളില്‍ കുറവാണ്. ഇന്ന് രാത്രി വിവിധ ഇടങ്ങളില്‍ വാഹന റാലികളും മറ്റു ആഘോഷ പരിപാടികളും നടക്കും. അതേസമയം, നവംബര്‍ 20, 21 തീയതികളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ആയിരിക്കും. വാരാന്ത്യ അവധി ഉള്‍പ്പടെ നാല് ദിവസം തുടര്‍ച്ചയായ അവധി ലഭിക്കും.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള സൈനിക പരേഡ് ഇന്ന് അല്‍ സമൂദ് ക്യാംപിൽ നടക്കും. മിലിട്ടറി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പരേഡില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് സല്യൂട്ട് സ്വീകരിക്കും. റോയല്‍ ഒമാന്‍ എയര്‍ഫോഴ്‌സ്, റോയല്‍ നേവി ഓഫ് ഒമാന്‍, റോയല്‍ ഗാര്‍ഡ് ഓഫ് ഒമാന്‍, സുല്‍ത്താന്റെ പ്രത്യേക സേന, റോയല്‍ ഒമാന്‍ പോലീസ്, റോയല്‍ കോര്‍ട്ട് അഫേഴ്‌സ്, റോയല്‍ കാവല്‍റി, റോയല്‍ ഗാര്‍ഡ് കാവല്‍റി ഓഫ് ഒമാന്‍ വിഭാഗങ്ങള്‍ പങ്കെടുക്കും.
ദേശീയദിനാഘോഷത്തോടനുബന്ധിച്ച് സീബ്, ബര്‍ക വിലായത്തുകളിലെ ചില ഭാഗങ്ങളില്‍ ഇന്ന് (തിങ്കള്‍) വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി റോയല്‍ ഒമാന്‍ പൊലീസ്. സീബ് വിലായത്തിലെ അല്‍ ബര്‍ക പാലസ് റൗണ്ട് എബൗട്ട് മുതല്‍ ബര്‍ക വിലായത്തിലെ ഹല്‍ബാന്‍ ഏരിയ വരെയുള്ള പാതയുടെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് പൊലീസ് അറിയിച്ചു.
ദേശീയദിനം ആഘോഷിക്കുന്ന സുൽത്താനേറ്റിനും ഭരണാധികാരി സുൽത്താൽ ഹൈതം ബിൻ താരികിനും ആശംകൾ നേർന്ന് ലോക രാഷ്ട്രങ്ങളും ഭരണാധികാരികളും രാജകുടുംബങ്ങളും. നിരവധി നേതാക്കളാണ് ദേശീയദിനം ആഘോഷിക്കുന്ന രാജ്യത്തിന് ആശംസകൾ നേർന്ന് സന്ദേശം അയച്ചത്. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിന് ഏറെ കാലം രാജ്യത്തെ നയിക്കാൻ ആയുരാരോഗ്യമുണ്ടാകട്ടെയെന്ന് നേതാക്കൾ ആശംസിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല