സ്വന്തം ലേഖകൻ: യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കുമെന്ന് പ്രാദേശിക അധികാരികൾ സ്ഥിരീകരിച്ചു. ദേശീയ ദിനത്തിന്റെ ഭാഗമായി അവർക്ക് ഡിസംബർ രണ്ട്, മൂന്ന്, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. തുടർന്ന് ഡിസംബർ നാല്, ബുധൻ മുതൽ പതിവ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും ഷാർജ മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു. എന്നാൽ ഷാർജയിൽ, ഔദ്യോഗിക വാരാന്ത്യം വെള്ളിയാഴ്ച മുതൽ ഞായർ വരെയായതിനാൽ പൊതുമേഖലയിലെ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ നീണ്ട വാരാന്ത്യം ആസ്വദിക്കാം.
മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കും യുഎഇ സർക്കാർ അവധി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഷാർജ മാനവ വിഭവശേഷി വകുപ്പിന്റെ പ്രഖ്യാപനം. യുഎഇയിലെ വിവിധ മന്ത്രാലയങ്ങളിലും ഫെഡറൽ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും നാലു ദിവസത്തെ അവധി യുഎഇ സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സ്വകാര്യ മേഖലയിലെ യുഎഇ ജീവനക്കാർക്കും സമാനമായ അവധികൾ ലഭിക്കുമെന്ന് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. പൊതു – സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കായി രാജ്യത്ത് നടപ്പിലാക്കിയ ഏകീകൃത അവധിക്കാല നയം എല്ലാ ജീവനക്കാർക്കും വർഷം മുഴുവനും തുല്യ ഇടവേളകൾ ഉറപ്പാക്കുന്നതായും അധികൃതർ വ്യക്തമാക്കി.
ഈ വർഷത്തെ 53-ാമത് ദേശീയ ദിനാഘോഷം ഈദ് അൽ എത്തിഹാദ് എന്ന് നാമകരണം ചെയ്യപ്പെട്ടിരുന്നു. അത് ‘യൂണിയൻ’ (ഇത്തിഹാദ്) എന്നതിനെ പ്രതീകപ്പെടുത്തുകയും 1971 ഡിസംബർ രണ്ടിന് നടന്ന എമിറേറ്റുകളുടെ ഏകീകരണത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്നു. സാധാരണയായി രാജ്യത്തിന്റെ ഭരണാധികാരികളും നേതാക്കളും പങ്കെടുക്കുന്ന ഔദ്യോഗിക ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾ അൽ ഐനിൽ വെച്ചാണ് നടക്കുക.
ഈ വർഷം യുഎഇയുടെ ദേശീയ ദിനാഘോഷങ്ങൾക്ക് അൽ ഐൻ ആതിഥേയത്വം വഹിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. യുഎഇയിലെ ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന അൽ ഐനിലെ പ്രകൃതിരമണീയമായ പ്രകൃതിദൃശ്യങ്ങൾക്ക് നടുവിലാണ് ഔദ്യോഗിക ചടങ്ങ് നടക്കുകയെന്ന് കമ്മിറ്റി അറിയിച്ചു. യുഎഇയിലുടനീളമുള്ള ആളുകൾക്ക് ഡിസംബർ രണ്ടിന് ദേശീയ ദിന അവധി 2024ന്റെ ആഘോഷങ്ങൾ പ്രാദേശിക ടിവി ചാനലുകളിലും സിനിമാശാലകളിലും തിരഞ്ഞെടുത്ത പൊതു ഇടങ്ങളിലും തത്സമയം കാണാം.
ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്താണ് ആഘോഷത്തിന് അൽ ഐൻ തിരഞ്ഞെടുത്തതെന്ന് സംഘാടക സമിതിയുടെ കമ്മ്യൂണിക്കേഷൻസ് മേധാവി അയ്ഷ അൽ നുഐമി പറഞ്ഞു. സുസ്ഥിരതയോടുള്ള യുഎഇയുടെ പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട് പ്രകൃതിയും പൈതൃകവും ഇഴചേരുന്ന നഗരമാണിത്. അന്തരിച്ച ശെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ഒരു യുവ ഭരണാധികാരിയായി തന്റെ ജൈത്രയാത്ര ആരംഭിച്ച സ്ഥലം കൂടിയാണ് അൽ ഐൻ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല