1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2024

സ്വന്തം ലേഖകൻ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും കാറ്റും വെള്ളപ്പൊക്കവുമൊക്കെ ഉണ്ടാകുന്ന സമയത്ത് സ്‌കൂള്‍ തുറന്നുപ്രവര്‍ത്തിക്കണമോ അതോ ഡിസ്റ്റന്‍സ് പഠനരീതിയിലേക്ക് മാറണോ തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ഒമാന്‍ ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കുന്നതിനും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണിത്.

ഒമാനി ഗവര്‍ണറേറ്റുകളിലുടനീളമുള്ള പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുതിയ പ്രോട്ടോക്കോള്‍ ബാധകമാണ്. രാജ്യ്തത് മഴ പെയ്താല്‍ സ്‌കൂളുകളിലെ ക്ലാസുകള്‍ റദ്ദാക്കുകയോ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ ചെയ്യുന്നതിനുള്ള പുതുക്കിയ മാര്‍ഗനിര്‍ദേങ്ങളാണ് ഒമാന്‍ അധികൃതര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഉന്നതവിദ്യാഭ്യാസം, ഗവേഷണം, ഇന്നൊവേഷന്‍ മന്ത്രാലയമാണ് ശക്തമായ മഴയുണ്ടാകുന്ന വേളകളില്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമോ എന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പുറപ്പെടുവിച്ചത്. ഈ തീരുമാനങ്ങള്‍ എടുക്കുന്നതിനും പ്രഖ്യാപിക്കുന്നതിനുമുള്ള ഉത്തരവാദിത്തം നാഷണല്‍ എമര്‍ജന്‍സി മാനേജ്മെന്റ് കമ്മിറ്റിക്കായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

പുതിയ പ്രോട്ടോക്കോള്‍ പ്രകാരം, കനത്ത മഴ, വാദികളില്‍ വെള്ളപ്പൊക്കത്തിന് കാരണമാവുന്ന ശക്തമായ കാറ്റ് എന്നിവയുടെ തീവ്രതയ്ക്ക് അനുസൃതമായാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. മസ്‌കറ്റിലും ദോഫാറിലും 60 മില്ലിമീറ്ററിലും അല്‍ വുസ്തയിലും മുസന്ദത്തിലും 100 മില്ലിമീറ്ററിലും മറ്റുള്ള ഗവര്‍ണറേറ്റുകളില്‍ 80 മില്ലിമീറ്ററിലും മഴ പെയ്താല്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ വിദൂര പഠനത്തിലേക്ക് മാറുകയോ ചെയ്യും.

അതേസമയം മിതമായ മഴയുണ്ടാകുന്ന സമയത്ത് അഥവാ മസ്‌കറ്റിലും ദോഫാറിലും 35 മില്ലീമീറ്ററില്‍ താഴെയും, മുസന്ദം, അല്‍ വുസ്തയില്‍ 50 മില്ലീമീറ്ററില്‍ താഴെയും, ശേഷിക്കുന്ന ഗവര്‍ണറേറ്റുകളില്‍ 80 മില്ലിമീറ്ററില്‍ താഴെയുമാണ് മഴയെങ്കില്‍ ക്ലാസുകള്‍ സാധാരണ പോലെ തുടരും. എന്നാല്‍, മഴയുടെ അളവ് മസ്‌കറ്റിലും ദോഫാറിലും 35 മില്ലീമീറ്ററും അല്‍ വുസ്തയിലും മുസന്ദമിലും 50 മില്ലീമീറ്ററും മറ്റ് പ്രദേശങ്ങളില്‍ 80 മില്ലീമീറ്ററും എത്തിയാല്‍ ക്ലാസുകള്‍ തുടരുന്നതിനോ ഇവ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിനോ വിദൂര പഠന രീതിയിലേക്ക് മാറുന്നതിനോ ഉള്ള തീരുമാനം സാഹചര്യത്തിനനുസരിച്ച് വ്യത്യാസപ്പെടാം.

അതേസമയം, ശക്തമായ മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളില്‍, എല്ലാ തലങ്ങളിലുമുള്ള സ്‌കൂളുകളും ഓണ്‍ലൈന്‍ ക്ലാസുകളും സ്വാഭാവികമായും റദ്ദാകുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. മിതമായ മഴയില്‍ ക്ലാസുകള്‍ പതിവുപോലെ തുടരുന്നത് അതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ യൂണിറ്റുകളുടെ ഉത്തരവാദിത്തമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഞായറാഴ്ച മുതല്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. സെപ്റ്റംബർ 29 മുതല്‍ ഒക്ടോബര്‍ 1വരെ മോശം കാലാവസ്ഥയുണ്ടാകുമെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനം. ഹജര്‍ പര്‍വതങ്ങളിലും ദോഫാറിലെ തീരപ്രദേശങ്ങളിലും പര്‍വതപ്രദേശങ്ങളിലും മേഘ രൂപീകരണത്തിനും വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഭൂപടങ്ങള്‍ വ്യക്തമാക്കി.

കനത്ത മഴ ഉണ്ടാവുന്ന പക്ഷം പ്രളയസാധ്യതാ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയേറെയാണെന്നും അധികൃതര്‍ അറിയിച്ചു. കാലാവസ്ഥയുമായി ബന്ധപ്പെട്ട് അധികൃതര്‍ നല്‍കുന്ന മുന്‍കൂര്‍ മുന്നറിയിപ്പുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും കാലാവസ്ഥാ അപ്ഡേറ്റുകള്‍ പിന്തുടരുകയും ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഏപ്രിലില്‍, ഒമാനിലെ വടക്കന്‍ പ്രവിശ്യകളില്‍ പെയ്ത പേമാരിയില്‍ ഒരു സ്‌കൂളിലെ 10 കുട്ടികള്‍ ഉള്‍പ്പെടെ 19 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.