
സ്വന്തം ലേഖകൻ: ഒമാൻ അധ്യാപക ദിനത്തിന്റെ ഭാഗമായി ഫെബ്രുവരി 23ന് ഒമാനിലെ സർക്കാർ സ്വകാര്യ സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എല്ലാ വർഷവും ഫെബ്രുവരി 24 ആണ് ദേശീയ അധ്യാപക ദിനം ആഘോഷിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് തൊട്ടടുത്ത വാരാന്ത്യത്തോട് അനുബന്ധിച്ച് പൊതു അവധി നൽകുന്നത്. വാരാന്ത്യ അവധി ഉൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസം ഒഴിവ് ലഭിക്കും.
അതിനിടെ രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അന്തരീക്ഷം മേഘാവൃതമായിരിക്കും. ബുറൈമി, ദാഹിറ, വടക്ക്-തെക്കൻ ബാത്തിന, ദാഖിലിയ ഗവർണറേറ്റുകളിൽ മഴ ലഭിക്കും. മുസന്ദം, അൽ ഹജർ പർവതനിരകളുടെ ചില ഭാഗങ്ങളിലും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
ബുറൈമി, ദാഹിറ, അൽ വുസ്ത, ദോഫാർ, തെക്കൻ ഷർഖിയ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും പൊടി ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ റിപ്പോർട്ട് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല