1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2024

സ്വന്തം ലേഖകൻ: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സൗദി അറേബ്യയിലെ എല്ലാ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും നാല് ദിവസത്തെ അവധി ലഭിക്കും. ഗവണ്‍മെന്‍റ്, സ്വകാര്യ മേഖലകളിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാകും. രാജ്യം 94ാമത് ദേശീയദിനം ആചരിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം.

വെള്ളിയാഴ്ചയും ശനിയാഴ്ചയും രാജ്യത്തെ ജീവനക്കാര്‍ക്ക് സാധാരണ വാരാന്ത്യമായതിനാല്‍, ദേശീയ ദിനത്തിനായി സെപ്തംബര്‍ 23 തിങ്കളാഴ്ചയും അധികമായി അവധി കണക്കാക്കുന്നതോടെ രാജ്യത്ത് നാല് ദിവസത്തെ വാരാന്ത്യമായിരിക്കും ലഭിക്കുക. ജീവനക്കാര്‍ക്ക് ഔദ്യോഗിക ശമ്പളത്തോടെയായിരിക്കും അവധി അനുവദിക്കുക.

വലിയ തോതിലുള്ള ആഘോഷ പരിപാടികളാണ് ഇത്തവണ അധികൃതര്‍ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ജനറല്‍ എന്‍റര്‍ടൈന്‍മെന്‍റ് അതോറിറ്റിയുടെ (ജി ഇ എ) ചെയര്‍മാനായ ഉപദേഷ്ടാവ് തുര്‍ക്കി ബിന്‍ അബ്ദുല്‍ മൊഹ്സെന്‍ ഈ വര്‍ഷത്തെ ദേശീയ അവധി ദിനാചരണത്തിന്‍റെ തീം നേരത്തേ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പിലാക്കിയ ‘ഞങ്ങള്‍ സ്വപ്നം കാണുന്നു, ഞങ്ങള്‍ നേടിയെടുക്കുന്നു’ എന്ന തീം സൗദി വിഷന്‍ 2030 മായി ബന്ധപ്പെട്ട സുപ്രധാന പദ്ധതികള്‍ എടുത്തുകാണിക്കുകയും വിവിധ മേഖലകളില്‍ രാജ്യത്തിന്‍റെ പ്രധാന പങ്ക് പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതാണ്.

94-ാം ദേശീയ ദിനത്തിന് അംഗീകൃത തീം സ്വീകരിക്കാന്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളോടും ജനറല്‍ എന്‍റര്‍ടൈന്‍മെന്‍റ് അതോറിറ്റി അഭ്യർഥിച്ചു. തീം ഗൈഡില്‍ ലോഗോയ്ക്കായുള്ള മാർഗനിര്‍ദ്ദേശങ്ങളും വ്യത്യസ്ത ആപ്ലിക്കേഷനുകളിലെ അതിന്‍റെ ഉപയോഗവും കൂടാതെ ഈ പ്രിയപ്പെട്ട അവസരത്തെ ആഘോഷിക്കുന്നതിനുള്ള എല്ലാ അനുബന്ധ ഇവന്‍റുകളും വാര്‍ത്തകളും ചിത്രങ്ങളും അടങ്ങിയിട്ടുണ്ട്.

നജ്ദ്, ഹിജാസ് എന്നീ രാജ്യങ്ങളുടെ ഏകീകരണത്തിന്‍റെ സ്മരണയ്ക്കായാണ് രാജ്യം അതിന്‍റെ ദേശീയ ദിനം ആഘോഷിക്കുന്നത്. 1932ല്‍ രാഷ്ട്രങ്ങള്‍ ലയിച്ച് സൗദി രാജ്യം രൂപീകരിച്ചു. രാജ്യത്തിന്‍റെ ആദ്യത്തെ ഭരണാധികാരി അബ്ദുല്‍ അസീസ് ഇബ്നു സൗദ് രാജാവിന്‍റെ കുടുംബ പേരില്‍ നിന്നാണ് സൗദി അറേബ്യ എന്ന നാമകരണം ലഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.