
സ്വന്തം ലേഖകൻ: സ്റ്റുഡിയോ പ്രതിനിധികളുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ വ്യാഴാഴ്ച അർധരാത്രിമുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കാരംഭിച്ച് ഹോളിവുഡ് നടീനടന്മാർ. 1.6 ലക്ഷത്തോളം അഭിനേതാക്കളെ പ്രതിനിധാനംചെയ്യുന്ന സംഘടനയായ ‘ദ സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡാ’ണ് സമരത്തിനുപിന്നിൽ.
പ്രതിഫലത്തിലുണ്ടാകുന്ന കുറവ്, നിർമിതബുദ്ധിയുടെ കടന്നുവരവുണ്ടാക്കുന്ന തൊഴിൽഭീഷണി എന്നീ വിഷയങ്ങളിൽ പരിഹാരംവേണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇതേ ആവശ്യങ്ങൾ മുൻനിർത്തി ഹോളിവുഡിലെ എഴുത്തുകാർ മാസങ്ങളായി സമരത്തിലാണ്. കഴിഞ്ഞ 63 വർഷത്തിനിടെ ഹോളിവുഡ് സാക്ഷ്യംവഹിക്കുന്ന ഏറ്റവും വലിയ പണിമുടക്കാണിത്.
സിനിമാ, ടെലിവിഷൻ രംഗത്തെ ആയിരക്കണക്കിന് നടീനടന്മാരാണ് വെള്ളിയാഴ്ച പണിമുടക്കിയത്. മെറിൽ സ്ട്രിപ്പ്, ബെൻ സ്റ്റില്ലെർ, കോളിൻ ഫാറെൽ തുടങ്ങിയ പ്രമുഖതാരങ്ങൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. പ്രധാന സ്റ്റുഡിയോകളായ ഡിസ്‍നി, നെറ്റ്ഫ്ലിക്സ്, പാരമൗണ്ട് എന്നിവയുടെ ഓഫീസുകൾക്ക് സമീപം അഭിനേതാക്കൾ പ്രത്യക്ഷസമരമാരംഭിച്ചു. “കോടീശ്വരന്മാരായ നടീനടന്മാർക്ക് കൂടുതൽ സമ്പാദിക്കാൻ ലക്ഷ്യമിട്ടല്ല സമരം. അവർക്ക് ഈ സമരംകൊണ്ട് ഒന്നുംനേടാനില്ല. അവരുടെ ഏജന്റുമാരൊക്കെ നിർമാണക്കമ്പനികളുമായി വ്യക്തിഗത കരാറുണ്ടാക്കിയിട്ടുള്ളതാണ്. പക്ഷേ, അവരുടെ സാന്നിധ്യം സമരത്തിന് വേറിട്ട മുഖംനൽകും. സുതാര്യമായ പ്രതിഫലവ്യവസ്ഥയ്ക്കുള്ള വഴിയൊരുങ്ങും” -നടൻ ഡൊമിനിക് ബർഗെസ് പറഞ്ഞു.
പ്രധാന ഹോളിവുഡ് നിർമാതാക്കളായ വാൾട്ട് ഡിസ്‌നി, നെറ്റ്ഫ്ളിക്സ്, പാരമൗണ്ട് എന്നിവയെ പ്രതിനിധാനംചെയ്യുന്ന ‘അലയൻസ് ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്‌സു’മായി ‘ദ സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ്’ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് അഭിനേതാക്കൾ സമരത്തിനിറങ്ങിയത്. പുതിയ തൊഴിൽക്കരാറിനെ സംബന്ധിച്ച് ചർച്ചയിൽ ധാരണയായില്ല. ടോം ക്രൂസ്, ആൻജലീന ജോളി, ജോണി ഡെപ്പ് തുടങ്ങിയ അഭിനയരംഗത്തെ മുൻനിരക്കാർ അംഗമായ സംഘടനയാണ് സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ്.
എഴുത്തുകാരുടെ സമരം ഇതിനകം ഹോളിവുഡിൽ വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. തിരക്കഥ പൂർത്തിയാക്കിയെങ്കിലും ‘ദ ലോർഡ് ഓഫ് ദ റിങ്‌സ്: ദ റിങ്‌സ് ഓഫ് പവർ’ ഉൾപ്പെടെ ഒട്ടേറെ സിനിമകളുടെ ചിത്രീകരണം വേനലോടെ ആരംഭിക്കാനാകുമോ എന്ന ആശങ്കയിലാണ് അണിയറപ്രവർത്തകർ. അതിനിടയിൽ അഭിനേതാക്കളും പണിമുടക്കാരംഭിച്ചതോടെ അമേരിക്കൻ സിനിമാവ്യവസായം ത്രിശങ്കുവിലാകും. 1960-ൽ യുഎസ് മുൻ പ്രസിഡന്റും നടനുമായ റൊണാൾഡ് റീഗന്റെ നേതൃത്വത്തിൽ ഹോളിവുഡിൽ സമാനസമരം നടന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല