1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2015

സ്വന്തം ലേഖകന്‍: 800 മോട്ടോര്‍ ബൈക്കുകള്‍ക്ക് ഒരേ സമയം കൂദാശ ചെയ്ത മലയാളി വൈദികന് റെക്കോര്‍ഡ്. സ്വിറ്റ്‌സര്‍ലണ്ടിലെ ബാസല്‍ സോളത്തൂണ്‍ രൂപതയിലെ കാപ്പല്‍ സെന്റ് ബാര്‍ബറാ ഇടവക വികാരി ഡോ ഫാ ബേബി വര്‍ഗീസ് മഠത്തിക്കുന്നമാണ് അപൂര്‍വമായ കൂദാശ നടത്തിയത്. ബൈക്കുകള്‍ കൂടാതെ ട്രാക്ടറുകളും മറ്റു നിരവധി വാഹനങ്ങളും ഫാ മഠത്തിക്കുന്നത്തിന്റെ കൂദാശ ഏറ്റുവാങ്ങാനെത്തി.

ശീതകാലത്ത് ഗാരേജില്‍ സൂക്ഷിക്കുന്ന ബൈക്കുകള്‍ ഇവിടുത്തുകാര്‍ പുറത്തെടുക്കുന്നത് വേനല്‍ക്കാലത്താണ്. മിക്കവരും ബൈക്കുകളില്‍ നീണ്ട യാത്രകള്‍ പോകുന്നതും ഇക്കാലത്താണ്. വിശ്വാസികളില്‍ മിക്കവരും യാത്ര തുടങ്ങുന്നതിന് മുമ്പായി അപകടങ്ങളില്‍ നിന്നും കേടുപാടുകളില്‍ നിന്നും തങ്ങളേയും വാഹനങ്ങളേയും കാത്തു രക്ഷിക്കുന്നതിന് കൂദാശ നടത്തുന്നത് പതിവാണ്.

മോട്ടോര്‍ ക്ലബ് ബോണ്‍ ബോണിങ്ങന്‍ ആണ് കോള്‍ഡ് ബോണ്‍ മലമുകളിലെ ചാപ്പലിനു സമീപമുളള മൈതാനത്തും റോഡരികിലുമായി 800 ഓളം മോട്ടോര്‍ ബൈക്കുകള്‍ കൂദാശയ്ക്കായി എത്തിച്ചത്. രണ്ട് മണിക്കൂര്‍ കൊണ്ടാണ് ഫാ. ബേബി കൂദാശ പൂര്‍ത്തിയാക്കിയത്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മോട്ടോര്‍ ക്ലബ് കൂദാശ പ്രമാണിച്ച് ഏകദേശം രണ്ടര ലക്ഷം രൂപ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിക്കുകയും ചെയ്തു.

സാഹസ സഞ്ചാര പ്രിയനും മോട്ടോര്‍ ക്ലബ് അംഗവുമായ ഫാ മഠത്തിക്കുന്നത് സ്വന്തം യമഹാ ബൈക്കില്‍ ചടങ്ങിനെത്തിയതും കൗതുകമായി. തൃശൂര്‍ ജില്ലയിലെ കട്ടിലപ്പൂവം സ്വദേശിയായ ഫാദര്‍ തിരുവനന്തപുരം മാര്‍ ഈവാനിയോസ് മേജര്‍ സെമിനാരി പ്രൊഫസറായി സേവനമനുഷ്ഠിച്ച ശേഷമാണ് സ്വിറ്റ്‌സര്‍ലണ്ടില്‍ എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.