സ്വന്തം ലേഖകൻ: കുവൈത്ത് ദേശീയ വിമാന കമ്പനിയായ കുവൈത്ത് എയർവേയ്സ് ഹോം ലഗേജ് ഡെലിവറി സേവനം ആരംഭിച്ചു. തുടക്കത്തില്‍ ലണ്ടനില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ക്കാണ് സേവനം ലഭ്യമാവുക. താമസിയാതെ ഹോം ലഗേജ് ഡെലിവറി സേവനം മറ്റ് യാത്രക്കാര്‍ക്കും ഉടന്‍ ലഭ്യമാക്കുമെന്ന് എയർവേയ്സ് അധികൃതര്‍ അറിയിച്ചു.
ടേക്ക് ഓഫിന് 12 മണിക്കൂർ മുമ്പ് വെബ്സൈറ്റ് വഴിയോ ആപ്ലിക്കേഷന്‍ വഴിയോ സേവനം അഭ്യർഥിക്കണം. ഉപഭോക്താക്കൾക്ക് യാത്രകള്‍ എളുപ്പമാക്കുന്നതിനും, മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ സൗകര്യം ഒരുക്കിയതെന്ന് കുവൈത്ത് എയർവേയ്സ് ചെയർമാൻ അബ്ദുൽ മൊഹ്സെൻ സലേം അൽ ഫഖാൻ അറിയിച്ചു. വേനല്‍ക്കാലങ്ങളിലെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും കുവൈത്ത് എയർവേയ്സ് അധികൃതര്‍ അറിയിച്ചു.
അതിനിടെ ഇറാൻ-ഇസ്രയേൽ സംഘർഷം കാരണം സൗദി അറേബ്യയുടെ വടക്കൻ പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്കുള്ള സർവീസ് അടുത്ത അറിയിപ്പ് വരെ നിർത്തിവെച്ചിരിക്കുന്നതായി സൗദി ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു. സവിശേഷ സാഹചര്യം പരിഗണിച്ച് സൗദിയ അൽഖുറയാത്തിലേക്കുള്ള വിമാനം റിയാദിലേക്ക് തിരിച്ചുവിളിച്ചിരുന്നു.
ജോർദാൻ വ്യോമാതിർത്തി അനിശ്ചിതസമയത്തേക്ക് പൂർണ്ണമായും അടച്ചു.ഇതോടെ ജോർദാനിലെ അൽഖുറയാത്തിലേക്കുള്ള കുവൈത്ത് എയർലൈൻസ് വിമാനം റദ്ദാക്കി. ഇറാഖ്, ഇറാൻ, ജോർദാൻ, ലബനാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളും കുവൈത്ത് എയർലൈൻസ് നിർത്തിവെച്ചു. ഇറാൻ ഡ്രോണുകളും മിസൈലുകളും ഇസ്രയേലിലേക്ക് അയച്ചതിനെ തുടർന്നാണ് മേഖലയിൽ പ്രതിസന്ധി രൂപപ്പെട്ടത്.
ഇസ്രയേൽ 90 ശതമാനം ഡ്രോണുകളും മിസൈലുകളും തടഞ്ഞതായി അവകാശപ്പെടുന്നു. സൗദി അറേബ്യ, ഖത്തർ, യുഎഇ ഉൾപ്പെടെ ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ ഇറാൻ വ്യോമപാതയുടെ തെക്കൻ ഭാഗത്തുകൂടെയാണ് സഞ്ചരിക്കുന്നത്. ഭീഷണിയില്ലാത്ത പ്രദേശമാണിത് എന്നതിനാൽ ഇതുവഴിയുള്ള സർവീസ് തുടരും. ജിസിസി യാത്രക്കാർക്ക് ആശങ്ക വേണ്ട എന്നാണ് ഇതുവരെയുള്ള വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല