ബ്രിട്ടണ്‍ ഒരു സമ്പന്നരാജ്യം തന്നെയാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ ഈ രാജ്യം അങ്ങേയറ്റം പുറകിലാണെന്ന് നമുക്ക് തോന്നാം. കാരണം വേറൊന്നുമല്ല. ജീവിത നിലവാരത്തിന്റെയും മറ്റും കാര്യത്തില്‍ സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം ഇവിടെ വളരെ വലുതാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത കേട്ടാല്‍ നമ്മള്‍ ഞെട്ടിത്തരിച്ചുപോകുമെന്ന കാര്യത്തില്‍ സംശയമില്ലതന്നെ.
ബ്രിട്ടണിലെ വീടില്ലാത്തവരുടെ ആയൂര്‍ദൈര്‍ഘ്യത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ദേശീയ ആയൂര്‍ദൈര്‍ഘ്യത്തെക്കാള്‍ മുപ്പത് വര്‍ഷത്തോളം കുറവാണ് തെരുവില്‍ കഴിയുന്നവരുടെ ആയൂസ് എന്നാണ് പുറത്തുവന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ബ്രിട്ടണിലെ തെരുവില്‍ കഴിയുന്നവരുടെ ആയൂര്‍ദൈര്‍ഘ്യം കോംഗോയിലെ ജനങ്ങളുടെ ആയൂര്‍ദൈര്‍ഘ്യത്തിന് തുല്യമാണെന്നും പത്രങ്ങള്‍ വെളിപ്പെടുത്തുന്നു.
മദ്യവും മയക്കുമരുന്നുമാണ് തെരുവില്‍ കഴിയുന്നവരുടെ ജീവനെടുക്കുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ലോകത്തിലെ ദരിദ്രരാജ്യങ്ങളിലെ ആയൂര്‍ദൈര്‍ഘ്യത്തിനോട് തുല്യമായ നിലയിലാണ് ബ്രിട്ടണിലെ തെരുവില്‍ കഴിയുന്നവരുടെ ആയൂര്‍ദൈര്‍ഘ്യമെന്നത് ആശങ്ക ജനകമാണെന്ന് പഠനസംഘം വെളിപ്പെടുത്തി.
നാല്‍പത്തിയേഴ് വയസ് മാത്രമാണ് തെരുവില്‍ കഴിയുന്ന പുരുഷന്മാരുടെ ആയൂസെങ്കില്‍ നാല്‍പത്തിമൂന്ന് വയസ്സ് മാത്രമാണ് തെരുവില്‍ കഴിയുന്ന സ്ത്രീകളുടെ ആയുസ്. തെരുവില്‍ കഴിയുന്നവരിലെ ഭൂരിഭാഗത്തിന്റെയും മരണത്തിന് കാരണം മദ്യവും മയക്കുമരുന്നുമാണ്. ഏതാണ്ട് മൂന്നിലൊരു ഭാഗംപേരും ഇങ്ങനെയാണ് മരണമടയുന്നത് എന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് മൂലം മരണമടയുന്നവരുടെ ദേശീയ ശരാശരിയെക്കാള്‍ ഒമ്പത് മടങ്ങ് കൂടുതലാണ് ഈ കണക്കെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
വീടില്ലാത്തതിന്റെ വേദനകളും അരക്ഷിതാവസ്ഥയുമാണ് ഭൂരിപക്ഷം തെരുവുനിവാസികളെയും മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും ആകര്‍ഷിക്കുന്നത്. വീടില്ലാത്ത അവസ്ഥ ജനങ്ങളെ കൊല്ലുകയാണ് എന്ന നിഗമനത്തിലേക്കാണ് ഈ റിപ്പോര്‍ട്ടുകള്‍ കൊണ്ടുപോകുന്നത്. തെരുവില്‍ താമസിക്കുന്നവരുടെ സുരക്ഷാകാര്യങ്ങളില്‍ എന്‍എച്ച്എസ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ പോരെന്ന വിമര്‍ശനങ്ങളും ഇതിന്റെ ഭാഗമായി ഉയരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല