സ്വന്തം ലേഖകന്‍: ഒബാമയുടെയും ഹില്ലരിയുടെയും പേരില്‍ പാഴ്‌സല്‍ ബോംബ്; കത്തുകളില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് ടൈം വാര്‍ണര്‍ കെട്ടിടം ഒഴിപ്പിച്ചു. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ, മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ എന്നിവരുടെ പേരില്‍ സ്‌ഫോടക വസ്തുക്കള്‍ എന്നു സംശയിക്കുന്ന ഉപകരണങ്ങള്‍ അയച്ചു നല്‍കിയതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയുടെ വെളിപ്പെടുത്തല്‍. യുഎസ് ഭരണകൂടത്തിലെ മുന്‍ ഉദ്യോഗസ്ഥരുടെ കത്തുകള്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥനാണ് സംശയാസ്പദമായ പാഴ്‌സല്‍ കണ്ടെത്തിയത്.
മുന്‍ ഉദ്യോഗസ്ഥര്‍ക്കു ലഭിക്കുന്ന കത്തുകള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരിശോധനയ്ക്കു ശേഷമാണു കൈമാറാറുള്ളത്. സ്‌ഫോടക വസ്തു കണ്ടെത്തിയതിനെ തുടര്‍ന്ന് ന്യുയോര്‍ക്കിലെ ടൈം വാര്‍ണര്‍ കെട്ടിടം ഒഴിപ്പിച്ചു. ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സിഎന്‍എന്‍ ഓഫീസും ഒഴിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നു.
ഈ മാസം 23നാണ് ഹില്ലരിയുടെ പേരില്‍ വിവാദ കത്ത് എത്തുന്നത്. ബുധനാഴ്ച രാവിലെ ഒബാമയുടെ പേരിലും പെട്ടി എത്തിയെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സി പത്രക്കുറിപ്പില്‍ അറിയിച്ചു. സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് ഒബാമയുടെ വക്താവ് അറിയിച്ചു. സംഭവത്തില്‍ എഫ്ബിഐ അന്വേഷണം ആരംഭിച്ചു.
ഡെമോക്രാറ്റിക് നേതാവും ധനകാര്യ വിദഗ്ധനുമായ ജോര്‍ജ് സോറോസിന്റെ ന്യൂയോര്‍ക്ക് പ്രാന്തത്തിലെ വീട്ടിലെ മെയില്‍ ബോക്‌സില്‍ കഴിഞ്ഞദിവസം സ്‌ഫോടക വസ്തു കണ്ടെത്തിയിരുന്നു. ഇത് പൈപ്പ് ബോംബാണെന്നു പിന്നീട് സ്ഥിരീകരിച്ചു. ഇതിനു പിന്നാലെയാണ് സമാനമായ രീതിയില്‍ ഒബാമയ്ക്കും ഹില്ലരിക്കും സ്‌ഫോടക വസ്തുക്കള്‍ ലഭിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല