സ്വന്തം ലേഖകന്‍: ഹോമിയോപ്പതിയും ജ്യോതിഷവും തട്ടിപ്പു പ്രസ്ഥാനങ്ങളെന്ന് നൊബല്‍ ജേതാവ് വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍. ജനന സമയവും ജന്മനക്ഷത്രവും നോക്കി ഒരു മനുഷ്യന്റെ ജീവിതത്തെക്കുറിച്ച് പറയാന്‍ കഴിയില്ല. മാത്രമല്ല ഇതിന് ശാസ്ത്രീയമായ അടിത്തറയും ഇല്ല. ജ്യോതിഷത്തിലുള്ള വിശ്വാസം സമൂഹത്തില്‍ ആഴത്തില്‍ വേരുകളുള്ളതാണ്. ഇതിനെ മാറ്റിയെടുക്കാന്‍ ശാസ്ത്രാവബോധത്തിനേ കഴിയൂ.
ആളുകളെ പൂര്‍ണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതുമായ വൈദ്യശാസ്ത്ര ശാഖയാണ് ഹോമിയോപ്പതി. രസതന്ത്രത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും ഹോമിയോപ്പതിയില്‍ വിശ്വസിക്കാന്‍ കഴിയില്ല. മരുന്നെന്ന പേരില്‍ രോഗികളുടെ തൃപ്തിക്കുവേണ്ടി കൊടുക്കുന്ന വസ്തുക്കള്‍ മാത്രമാണ് ഹോമിയോ ഔഷധങ്ങളെന്നും അദ്ദേഹം തുറന്നടിച്ചു.
പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികളുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു 2009 ല്‍ രസതന്ത്രത്തിന് നോബല്‍ സമ്മാനം നേടിയ വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍. മതവിശ്വാസത്തിന്റെ ഭാഗമായി തുടങ്ങിയതാണ് ജ്യോതിഷം. ചിലര്‍ ഈ ശാസ്ത്രം പിന്തുടരുന്നതുകണ്ട് മറ്റുള്ളവര്‍ ഇതിന്റെ പിന്നാലെ പായുന്നു. ജ്യോതിഷം നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പറഞ്ഞകാര്യങ്ങളില്‍ ഇപ്പോഴും തട്ടിനില്‍ക്കുമ്പോള്‍ ആധുനിക ജ്യോതിശാസ്ത്രം തമോഗര്‍ത്തമുള്‍പ്പെടെയുള്ള അതിശയകരമായ കണ്ടുപിടിത്തങ്ങളിലൂടെ മുന്നേറുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല