സ്വന്തം ലേഖകൻ: കേരളത്തിൽ എട്ടുവർഷത്തിനിടെ 12 ലക്ഷത്തോളം കുടുംബങ്ങൾ വീടോ ഫ്ളാറ്റോ സ്വന്തമാക്കിയെന്ന് ദേശീയ സാംപിൾ സർവേ ഓർഗനൈസേഷന്റെ (എൻ.എസ്.എസ്.ഒ.) സർവേഫലം. ഇക്കാലത്ത് രാജ്യത്തുണ്ടായ വീടുകളുടെ ശരാശരി വലുപ്പത്തിൽ സംസ്ഥാനങ്ങളിൽ മുന്നിൽ കേരളമാണ്. കേരളത്തിൽ ഈ വീടുകളുടെ ശരാശരി വിസ്തീർണം 90.1 ചതുരശ്രമീറ്റർ, അതായത് 970 ചതുരശ്രയടിയാണ്. കേരളത്തിലുണ്ടാക്കിയ വീടുകളിൽ 66.5 ശതമാനവും 60 മുതൽ 160 ചതുരശ്രമീറ്റർവരെ (645 മുതൽ 1722 ചതുശ്രയടിവരെ) വിസ്തീർണമുള്ളതാണ്.
എൻ.എസ്.എസ്.ഒ. അടുത്തിടെ പുറത്തിറക്കിയ ബഹുസൂചികാ സർവേഫലമായി പ്രസിദ്ധീകരിച്ചതാണിത്. 2014 മാർച്ച് 31-നുശേഷം വീടോ ഫ്ളാറ്റോ സ്വന്തമാക്കിയവരുടെ വിവരശേഖരമാണ് ഈ സർവേയുടെ ഒരു ഘടകം. 2020-21 വരെയുള്ള സ്ഥിതിവിരമാണ് ശേഖരിച്ചത്. കേരളത്തിൽ ആകെയുള്ളത് 89.06 ലക്ഷം കുടുംബങ്ങളാണ്. ഇതിൽ 13.8 ശതമാനത്തിനാണ് (ഏകദേശം 12 ലക്ഷം കുടുംബങ്ങൾ) ഇക്കാലത്ത് വീടുകൾ സ്വന്തമായത്.
പുതുതായി നിർമിച്ചതും വാങ്ങിയതും ഉൾപ്പെടെയാണിത്. ഈ കുടുംബങ്ങളിൽ 61.5 ശതമാനവും ആദ്യമായാണ് വീടോ ഫ്ളാറ്റോ നേടുന്നത്. റിയൽഎസ്റ്റേറ്റ് മേഖലയിലെ സ്ഥായിയായ വളർച്ചയുടെ പ്രകടനമാണിത്. രാജ്യത്തെ 26.5 ലക്ഷം വരുന്ന കുടുംബങ്ങളിൽ 9.9 ശതമാനത്തിനാണ് ഇക്കാലത്ത് പാർപ്പിടങ്ങൾ ഉണ്ടായത്.
വീടുകളുടെ ശരാശരി വലുപ്പത്തിൽ കേന്ദ്രഭരണപ്രദേശങ്ങളായ അന്തമാൻ നിക്കോബാറും, ചണ്ഡീഗഢുമാണ് മുന്നിലുള്ളത്. സംസ്ഥാനങ്ങളിൽ കേരളമാണ് മുന്നിൽ. മണിപ്പൂർ (897 ചതുരശ്ര അടി) അരുണാചൽ പ്രദേശ് (805) എന്നിവയാണ് തൊട്ടുപിന്നിൽ.
ഇത്തവണ സംസ്ഥാനസർക്കാർ കെട്ടിടനിർമാണഫീസ് ഉയർത്തിയപ്പോൾ 60 ചതുരശ്രമീറ്റർവരെയുള്ള കെട്ടിടങ്ങൾക്ക് മാത്രമാണ് ഇളവുനൽകിയത്. അതിനാൽ വർധന സാധാരണക്കാരെ ബാധിക്കില്ലെന്നാണ് സർക്കാർ വാദിച്ചത്. എന്നാൽ, ഈ സർവേയിലെ വിവരങ്ങൾ ഈ വാദത്തെ സാധൂകരിക്കുന്നില്ല. ഭൂരിഭാഗംപേരും 60 ചതുരശ്രമീറ്ററിന് മുകളിലുള്ള വീടുകളാണ് നിർമിക്കുന്നത്. 25.8 ശതമാനംപേർ മാത്രമാണ് 60 ചതുരശ്രമീറ്ററിൽത്താഴെ നിർമിച്ചത്. വീടുവെക്കാൻ ബാങ്ക് വായ്പകളെ ആശ്രയിച്ചത് 53.4 ശതമാനം പേർ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല