സ്വന്തം ലേഖകന്‍: മധുവിധു ആഘോഷിക്കാന്‍ ശ്രീലങ്കയില്‍ പോയ ബ്രിട്ടീഷ് ദമ്പതികള്‍ മടങ്ങിയത് താമസിച്ച റിസോര്‍ട്ടിന്റെ ഉടമകളായി! ദമ്പതികള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മദ്യലഹരിയില്‍ വിലയ്ക്കു വാങ്ങുകയായിരുന്നു. ലണ്ടന്‍ സ്വദേശികളായ ജിന ലയോണ്‍സും മാര്‍ക്ക് ലീയുമാണ് മദ്യലഹരിയില്‍ അല്‍പ്പം സാഹസം കാട്ടിയത്. ജൂണില്‍ വിവാഹിതരായ ഇരുവരും ഹണിമൂണ്‍ ആഘോഷിക്കുവാന്‍ തെരഞ്ഞെടുത്തത് ശ്രീലങ്കയായിരുന്നു.
സ്ഥലത്തെത്തിയ ഇരുവരും കടല്‍തീരത്തും മറ്റും ചിലവഴിച്ചതിനു ശേഷം രാത്രിയില്‍ താമസിക്കുവാന്‍ തെരഞ്ഞെടുത്ത ഹോട്ടലില്‍ മദ്യം നുകരുവാന്‍ ആരംഭിച്ചു. ഏകദേശം പന്ത്രണ്ട് ഗ്ലാസ് റം അകത്താക്കിയപ്പോഴാണ് എന്തു കൊണ്ട് ഈ ഹോട്ടല്‍ വിലയ്ക്കു വാങ്ങിക്കൂടാ എന്ന ആശയം ഇരുവരുടെയും മനസിലുദിച്ചത്.
ഹോട്ടലിന്റെ ഉടമയെ സമീപിച്ച ഇരുവരും ഏറെ സമയം വൈകാതെ ഹോട്ടല്‍ വാങ്ങുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും ആരംഭിച്ചു. മാത്രമല്ല സംസാരിച്ച് ഒരു ധാരണയിലെത്തുകയും ചെയ്തു. പിറ്റേന്ന് മദ്യത്തിന്റെ ലഹരി വിട്ടുമാറിയപ്പോഴാണ് ഇവര്‍ ഹോട്ടല്‍ വാങ്ങിയതിന്റെ കാര്യം ഓര്‍ത്തത്. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ ഇവര്‍ തയാറായിരുന്നില്ല.
ഹോട്ടലിന്റെ ഉടമകളുമായി മദ്യ ലഹരിയിലല്ലാതെ കച്ചവടത്തെക്കുറിച്ച് ഇവര്‍ സംസാരിച്ചപ്പോള്‍ മൂന്നു വര്‍ഷത്തെ ഉടമസ്ഥാവകാശ കരാറില്‍ 29 ലക്ഷം രൂപയ്ക്ക് ഹോട്ടല്‍ വില്‍ക്കാം എന്ന ധാരണയിലെത്തി. ഇതിന്റെ ആദ്യ ഘട്ടമെന്നോണം പതിനാലര ലക്ഷം രൂപ കൈമാറിയ ഇവര്‍ ബാക്കി തുക 2019 മാര്‍ച്ചില്‍ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഈ തീരുമാനത്തെക്കുറിച്ച് അറിഞ്ഞ മാതാപിതാക്കളും സുഹൃത്തുക്കളും തങ്ങളെ വിഡ്ഡികളെന്നാണ് വിശേഷിപ്പിച്ചതെന്ന് ദമ്പതികള്‍ പറയുന്നു. എന്തായാലും ഹോട്ടല്‍ വാങ്ങിയ ഈ ദമ്പതികള്‍ സമൂഹ മാധ്യമങ്ങളില്‍ താരങ്ങളായിരിക്കുകയാണ്. കൂടാതെ നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളും ഇവരെക്കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല