സ്വന്തം ലേഖകന്‍: ബ്രിട്ടന്‍ ഹോങ്കോങിനെ ചൈനയ്ക്കു നല്‍കിയിട്ട് 20 വര്‍ഷം, ഹോങ്കോങിന്റെ സ്വതന്ത്ര രാഷ്ട്ര പദവി ആവശ്യം വീണ്ടും കത്തിപ്പിടിക്കുന്നു, ശക്തമായ താക്കീതുമായി ചൈന. ബ്രിട്ടന്‍ ഹോങ്കോങിന്റെ അധികാരം ചൈനയ്ക്കു കൈമാറിയതിന്റെ 20 ആം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഹോങ്കോങില്‍ എത്തിയപ്പോഴായിരുന്നു ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ താക്കീത്.
ചൈനീസ് സര്‍ക്കാറിനു കീഴില്‍ ഹോങ്കോങ് എക്കാലത്തേക്കാളും സ്വാതന്ത്രം അനുഭവിക്കുന്നുണ്ടെന്നും എന്നാല്‍, അതിര്‍വരമ്പുകള്‍ ലംഘിച്ച് സര്‍ക്കാറിന് വെല്ലുവിളിയുയര്‍ത്താന്‍ ആരെയും അനുവദിക്കില്ലെന്നുമായിരുന്നു ഷി ജിന്‍പിങിന്റെ വാക്കുകള്‍. ഷി ചിന്‍പിംഗിന്റെ സാന്നിധ്യത്തില്‍ ഹോങ്കോംഗിന്റെ ചീഫ് എക്‌സിക്യൂട്ടീവായി കാരി ലാം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
സത്യപ്രതിജ്ഞാ ചടങ്ങു നടന്ന ഹാര്‍ബര്‍ഫ്രണ്ടിലെ കണ്‍വന്‍ഷന്‍ സെന്ററിനു സമീപം ജനാധിപത്യ പരിഷ്‌കരണവാദികളും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ഹോങ്കോംഗ് കൈമാറുന്നതു സംബന്ധിച്ച് ബ്രിട്ടനും ചൈനയും തമ്മിലുണ്ടാക്കിയ കരാര്‍ അസാധുവാണെന്നു ബെയ്ജിംഗ് വിദേശകാര്യമന്ത്രാലയം കഴിഞ്ഞദിവസം പത്രക്കുറിപ്പിറക്കിയിരുന്നു. കരാര്‍ പ്രകാരം 2047 വരെയാണു ഹോങ്കോംഗിനു സ്വയംഭരണാവകാശമുള്ളത്.
ചൈനീസ്ബ്രിട്ടീഷ് സംയുക്ത പ്രഖ്യാപനം ഒരു ചരിത്രരേഖ മാത്രമാണ്. പ്രായോഗികതലത്തില്‍ അതിനു പ്രസക്തിയില്ല. അതു നടപ്പാക്കാന്‍ ബാധ്യതയുമില്ല കാംഗ് പറഞ്ഞു. കൈമാറ്റത്തിനുശേഷം ഹോങ്കോംഗില്‍ യുകെയ്ക്ക് യാ തൊരു അധികാരവുമില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കാംഗ് വ്യക്തമാക്കി.
ലു കാംഗിന്റെ പ്രസ്താവനയില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച ബ്രിട്ടീഷ് വിദേശകാര്യ വക്താവ് സംയുക്ത പ്രഖ്യാപനം നടപ്പാക്കുമെന്ന് ഉറപ്പുവരുത്താന്‍ ബ്രിട്ടനു ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. കൈമാറ്റ ഉടമ്പടിയില്‍ ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും പരിരക്ഷിക്കുന്നതിലാണു ഹോങ്കോംഗിന്റെ ഭാവി വിജയം അടങ്ങിയിരിക്കുന്നതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറീസ് ജോണ്‍സന്‍ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല