സ്വന്തം ലേഖകന്‍: കുറ്റാരോപിതരെ ചൈനയ്ക്കു കൈമാറാനുള്ള ബില്ലിനെതിരെ തുടങ്ങിയ പ്രക്ഷോഭം ജനാധിപത്യാവകാശങ്ങള്‍ക്കായുള്ള മുന്നേറ്റമായി മാറിയ ഹോങ്കോങ്ങില്‍, പാര്‍ലമെന്റിനു മുന്നില്‍ പ്രകടനം നടത്തിയവരെ പിരിച്ചുവിടാന്‍ പൊലീസ് ഇന്നലെയും ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
നിരോധനാജ്ഞ ലംഘിച്ചു ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭകര്‍ നഗരത്തിലുടനീളം നടത്തിയ മാര്‍ച്ച് വലിയ അക്രമത്തിലും സംഘര്‍ഷത്തിലും കലാശിച്ചു. പാര്‍ലമെന്റ് മന്ദിരം (ലെജിസ്ലേറ്റീവ് കൗണ്‍സില്‍), സ്പെഷല്‍ അഡ്മിനിസ്ട്രേറ്റീവ് റീജിയന് ഹെഡ് ക്വാര്‍ട്ടേഴ്സ്, പോലീസ് ആസ്ഥാനം, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്ക്കു നേര്‍ക്കു പെട്രോള്‍ ബോംബേറുണ്ടായി. റബര്‍ ബുള്ളറ്റ്, കണ്ണീര്‍വാതകം, ജലപീരങ്കി എന്നിവ പ്രയോഗിച്ചാണ് പോലീസ് പ്രകടനക്കാരെ നേരിട്ടത്.
തുടര്‍ച്ചയായ 13–ാമത്തെ ആഴ്ചയാണ് ഹോങ്കോങ് തെരുവുകളില്‍ പ്രക്ഷോഭകര്അണിനിരക്കുന്നത്. കറുത്ത ടീ ഷര്‍ട്ട് ധരിച്ച് വര്‍ണക്കുടകളുമായി എത്തിയ സമരക്കാര്‍ ‘ഹോങ്കോങ്ങിനെ തിരിച്ചുപിടിക്കുന്നതിനുള്ള വിപ്ലവം’ എന്ന മുദ്രാവാക്യവുമായി വഴികള്‍ തടഞ്ഞു. പാര്‍ലമെന്റിനു മുന്നില്‍ ബാരിക്കേഡിനു പിന്നില്‍ അണിനിരന്ന പൊലീസുകാരെ കല്ലെറിഞ്ഞു. പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചപ്പോള്‍ കുടകള്‍ കൊണ്ട് മുഖം മറച്ച് പ്രതിരോധം തീര്‍ത്തു.
ചൈനയുടെ പിന്തുണയുള്ള സിഇഒ കാരി ലാമിന്റെ ഔദ്യോഗിക വസതിക്കു മുന്നിലും പ്രകടനം നടന്നു. ജൂണില്‍ സമരം ആരംഭിച്ചതു മുതല്‍ ഇതുവരെ 900 പേര് അറസ്റ്റിലായിട്ടുണ്ടെന്നു പ്രക്ഷോഭകര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല