1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2022

സ്വന്തം ലേഖകൻ: കോവിഡ് കാലത്തിനു മുന്‍പ്, പ്രതിവര്‍ഷം ഏകദേശം 56 ദശലക്ഷം സന്ദർശകരെ വരവേറ്റിരുന്ന ഇടമായിരുന്നു ഹോങ്കോങ്ങ്. രണ്ടു വര്‍ഷത്തിലേറെ നീണ്ട കഠിനമായ യാത്രാ നിയന്ത്രണങ്ങൾക്ക് ശേഷം സഞ്ചാരികളെ തിരികെയെത്തിക്കുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് ചൈനയിലെ പ്രത്യേക ഭരണമേഖലയായ ഹോങ്കോങ്ങ് ഇപ്പോള്‍. ഇതിന്‍റെ ഭാഗമായി നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ ആവശ്യകത ഈയിടെ ഉപേക്ഷിച്ചിരുന്നു.

ഇപ്പോഴിതാ, സഞ്ചാരികള്‍ക്ക് 500,000 എയർലൈൻ ടിക്കറ്റുകൾ സൗജന്യമായി നൽകാനൊരുങ്ങുകയാണ്. ഇക്കാര്യം എയർപോർട്ട് അതോറിറ്റി(AAHK) സ്ഥിരീകരിച്ചു. ഏകദേശം 254.8 ദശലക്ഷം ഡോളർ (ഏകദേശം 2110 കോടി രൂപ) വിലമതിക്കുന്ന 500,000 ടിക്കറ്റുകളാണ് നല്‍കുന്നത്. 2020- ൽ, ഹോങ്കോങ് വ്യോമയാന വ്യവസായത്തെ പിന്തുണയ്ക്കുന്നതിനുള്ള ദുരിതാശ്വാസ പാക്കേജിന്‍റെ ഭാഗമായി ഏകദേശം 500,000 വിമാന ടിക്കറ്റുകൾ എയർപോർട്ട് അതോറിറ്റി മുൻകൂട്ടി വാങ്ങിയിരുന്നു.

ഈ ടിക്കറ്റുകള്‍ ക്യാംപെയ്നിന്റെ ഭാഗമായി ആഗോള സന്ദർശകർക്കും ഹോങ്കോങ് നിവാസികൾക്കുമിടയില്‍ അടുത്ത വര്‍ഷം വിതരണം ചെയ്യും. ടിക്കറ്റിനെപ്പറ്റിയുള്ള കൂടുതൽ അറിയിപ്പുകൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇത് ഹോങ്കോങ്ങിന്‍റെ സമ്പദ്‌‌‌വ്യവസ്ഥയ്ക്ക് പുതുജീവനേകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹോങ്കോങ്ങിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് ജോൺ ലീ വെള്ളിയാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു. എയർലൈനുകളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ചെയ്തുകഴിഞ്ഞാൽ കൂടുതൽ വിശദാംശങ്ങൾ അറിയിക്കുമെന്നും അവർ പറഞ്ഞു.

സെപ്‌റ്റംബർ 30 വെള്ളിയാഴ്ച ക്വാറന്റീൻ അവസാനിച്ചെന്ന വാർത്ത പുറത്തുവന്നതോടെ, ഓൺലൈനിൽ വിമാനങ്ങൾ ബുക്ക് ചെയ്യാൻ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഓൺലൈൻ ട്രാവൽ ബുക്കിങ് സേവനമായ എക്സ്പീഡിയയുടെ കണക്കനുസരിച്ച് ഹോങ്കോങ്ങിൽ നിന്ന് ടോക്കിയോയിലേക്കുള്ള ഫ്ലൈറ്റുകൾ തിരയുന്നവരുടെ എണ്ണത്തില്‍ 9 മടങ്ങും ഹോങ്കോങ്ങിൽ നിന്ന് ഒസാക്കയിലേക്കുള്ള ഫ്ലൈറ്റുകൾ തിരയുന്നവരുടെ എണ്ണത്തില്‍ 11 മടങ്ങുമാണ് വര്‍ധനവുണ്ടായത്.

ചൈനയുടെ ‘സീറോ-കോവിഡ്’ നയങ്ങൾ പിന്തുടർന്നതിനാൽ അടുത്തിടെ വരെ ലോകത്തിലെ ഏറ്റവും കഠിനമായ ക്വാറന്റീൻ നിയമങ്ങളായിരുന്നു ഹോങ്കോങ്ങില്‍ ഉണ്ടായിരുന്നത്. ഹോട്ടൽ ക്വാറന്റീൻ എടുത്തുകളഞ്ഞിട്ടുണ്ടെങ്കിലും, ഹോങ്കോങ്ങിലേക്കുള്ള സന്ദർശകർ എത്തുന്നതിന് മുമ്പും ശേഷവും വിവിധ നിയമങ്ങള്‍ ഇപ്പോഴും പിന്തുടരേണ്ടതുണ്ട്.

ഇൻകമിങ് രാജ്യാന്തര യാത്രക്കാർ പ്രവേശിക്കുന്നതിന് മുമ്പ് ഒരു പ്രീ-ഫ്ലൈറ്റ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റും നെഗറ്റീവ് പിസിആർ ടെസ്റ്റും റാപ്പിഡ് ആന്റിജൻ ടെസ്റ്റും സമർപ്പിക്കണം. ഒരിക്കൽ പ്രവേശിക്കാൻ അനുവദിച്ചുകഴിഞ്ഞാൽ, സന്ദർശകർക്ക് മൂന്ന് ദിവസത്തെ സ്വയം നിരീക്ഷണ കാലയളവുണ്ട്, ഈ സമയത്ത് അവർ റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുന്നതും ബാറുകൾ സന്ദർശിക്കുന്നതും നിരോധിച്ചിരിക്കുന്നു. കൂടാതെ, എത്തിയതിന് ശേഷമുള്ള 2, 4, 6 ദിവസങ്ങളിൽ പിസിആർ ടെസ്റ്റുകളും തുടര്‍ന്ന് റാപ്പിഡ് ആന്റിജൻ ടെസ്റ്റും ചെയ്യണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.