സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ബ്രിട്ടീഷ് ബ്യുട്ടി തെറാപ്പിസ്റ്റിനെ തന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തിയതായി ഭര്‍ത്താവ്, ദുരഭിമാന കൊലയെന്ന് ആരോപണം. ഷാമിയ ഹാഷിദ് (28) എന്ന പാക് വംശജയുടെ ഭര്‍ത്താവ് സെയ്ദ് മുക്താര്‍ കസം ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹിതരായതിന് ഷാമിയയെ കൊലപ്പെടുത്തിയെന്നാണ് സെയ്ദിന്റെ ആരോപണം.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ഷാമിയയുടെ വീട്. കഴിഞ്ഞ ബുധനാഴ്ച വീട്ടകാരെ സന്ദര്‍ശിക്കുന്നതിനായി പോയ ഷാമിയ മരിച്ചുവെന്ന വാര്‍ത്തയാണ് ഭര്‍ത്താവിനെ തേടിയെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പാകിസ്താനില്‍ തന്നെ മൃതദേഹം സംസ്‌കരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്വാഭാവിക മരണമെന്നാണ് റിപ്പോര്‍ട്ട്. ഷാമിയയ്ക്ക് ഹൃദയാഘാതമുണ്ടായെന്നും അതല്ല ശ്വാസതടസമുണ്ടായെന്നും ബന്ധുക്കള്‍ പറയുന്നുണ്ട്.
എന്നാല്‍ തന്റെ ഭാര്യയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും മരണം കൊലപാതകമാണെന്നും സെയ്ദ് ആരോപിക്കുന്നു. 2014 സെപ്റ്റംബറില്‍ ലീഡ്‌സില്‍ വച്ചാണ് ഇരുവരും വിവാഹതിരാകുന്നത്. ഷാമിയയുടെ വീട്ടുകാര്‍ക്ക് ഈ വിവാഹത്തോട് എതിര്‍പ്പായിരുന്നു.
കൊലപാതകത്തിന്റെ കാരണം ഇതാണെന്ന് സെയ്ദ് ആരോപിച്ചു. മരണത്തില്‍ ഭര്‍ത്താവ് സംശയം ഉന്നയിച്ച സാഹചര്യത്തില്‍ ഇവരുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ബ്രിട്ടനിലെ ലേബര്‍ എം.പി നാസ് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല