സ്വന്തം ലേഖകന്‍: മകളെ പ്രണയിച്ചതിന്റെ പേരില്‍ പതിനഞ്ചുകാരന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു, ജനനേന്ദ്രിയം മുറിച്ചുമാറ്റി, പാകിസ്താനില്‍ വീണ്ടും ദുരഭിമാന കൊലയ്ക്ക് ശ്രമം. പാകിസ്ഥാനിലെ ലാഹോറിലാണ് പെണ്‍കുട്ടിയുടെ പിതാവ് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിയുടെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുകയും ലിംഗം മുറിച്ചു മാറ്റുകയും ചെയ്തത്. മകളെ പ്രണയിച്ച കുട്ടിയെ പെണ്‍കുട്ടിയുടെ പിതാവ് തട്ടിക്കൊണ്ട് പോയി വിജനമായ ഒരിടത്തു വച്ചാണ് ക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
മാരകമായി മുറിവേല്‍പിച്ച ശേഷം കുട്ടിയെ മരിക്കാന്‍ വിടുകയായിരുന്നു. വഴിപോക്കരിലൊരാള്‍ കണ്ടതു കൊണ്ട് മാത്രം ജീവന്‍ തിരിച്ചു കിട്ടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ലാഹോര്‍ പൊലീസ് അറിയിച്ചു. സമൂഹത്തിനോ കുടുംബത്തിനോ അഭിമാനനഷ്ടം ഉണ്ടാക്കിയെന്ന കുറ്റം ചുമത്തി കുടുംബാംഗങ്ങള്‍ തന്നെ ഒരാളെ കൊല്ലുന്നത് പാകിസ്താനിലെ ഈ മേഖലയില്‍ സാധാരണമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കല്ലെറിഞ്ഞ് കൊല്ലുക, തല വെട്ടുക, ജീവനോടെ കത്തിക്കുക, കഴുത്തറക്കുക തുടങ്ങി പ്രാകൃതരീതികളാണ് ദുരഭിമാനക്കൊലയില്‍ പ്രയോഗിക്കാറുള്ളത്. എന്നാല്‍ സാധാരണ ഇത്തരം ക്രൂരതയ്ക്ക് ഇരയാകാറുള്ളത് പെണ്‍കുട്ടികളും യുവതികളുമാണ്. 2015 ല്‍ മാത്രം പാകിസ്ഥാനില്‍ 1100 സ്ത്രീകള്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയായിട്ടുണ്ടെന്നാണ് കണക്കുകള്‍. കുടുംബത്തിനു മാനഹാനി വരുത്തിയെന്ന് ആരോപിച്ച് ബന്ധുക്കള്‍ തന്നെയാണ് ഈ കൊലപാതകങ്ങള്‍ നടത്തിയത്.
പുരുഷന്മാര്‍ ഇത്തരം കൊലയ്ക്ക് ഇരയാകുന്നത് അപൂര്‍വമാണ്. കഴിഞ്ഞ വര്‍ഷമാണ് പാകിസ്ഥാനില്‍ ഇത്തരം കൊലപാതകങ്ങള്‍ നിയമപരമായി ശിക്ഷാര്‍ഹമാക്കിയത്. നിലവില്‍ 25 വര്‍ഷം വരെ തടവും കുടുംബാംഗങ്ങള്‍ക്ക് കൊലപാതകം നടത്തിയവരോട് നിയമം മൂലം ക്ഷമിക്കാനുള്ള അവകാശം നിഷേധിക്കലും നിയമം അനുസാസിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല