കോടതിയില്‍നിന്ന് വലിയ ശിക്ഷകള്‍ കിട്ടുന്ന ജയില്പുള്ളികളെയുംകൊണ്ട് പോകുന്ന വണ്ടികളില്‍നിന്ന് കൊടുംകുറ്റവാളികള്‍ രക്ഷപ്പെടുന്നത് ചില സിനിമകളിലെങ്കിലും നമ്മള് കണ്ടിട്ടുണ്ടാകും. ചില ഹോളിവുഡ് സിനിമകളിലും ബോളിവുഡ് സിനിമകളിലുമെല്ലാം ജയില്‍പുള്ളികളുടെ രക്ഷപ്പെടല്‍ ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇനിമുതല്‍ കോടതിയില്‍നിന്ന് ജയിലേക്കുള്ള വാനിനുള്ളില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കാരണം വേറൊന്നുമല്ല ജയില്പുള്ളികളെ കൊണ്ടുപോകുന്ന വണ്ടികളില്‍ ഇനിമുതല്‍ ഫ്ലാറ്റ് ടിവിയും ഡിവിഡി പ്ലെയറും ഉണ്ടാകും.
ജയിലില്‍നിന്ന് കോടതിയിലേക്കോ കോടതിയില്‍നിന്ന് ജയിലിലേക്കോ കൊണ്ടുപോകുമ്പോള്‍ ജയില്പുള്ളികളില് ആകാംക്ഷ ഉണ്ടാകാതിരിക്കാന്‍വേണ്ടിയാണ് വാനില്‍ ഫ്ലാറ്റ് ടിവിയും ഡിവിഡി പ്ലെയറും വെയ്ക്കാന്‍ പോകുന്നത്. നല്ല സിനിമകള്‍ കാണുന്ന ജയില്‍പുള്ളികള്‍ അതില്‍ മുഴുകിയിരിക്കുമെന്നും അതുകൊണ്ടുതന്നെ വണ്ടിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കില്ലെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ഇങ്ങനെ വണ്ടികളില്‍ ടിവിയും മറ്റും വെയ്ക്കുന്നതുമൂലം വണ്ടികളുടെ അകത്ത് നടക്കുന്ന കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നും നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നും പോലീസ് പ്രതീക്ഷിക്കുന്നു. കൂടുതല്‍ ദൂരങ്ങളിലേക്ക് കൊണ്ടുപോകുന്ന പ്രതികളെ സംരക്ഷിക്കുന്ന കാര്യത്തിലാണ് ഈ പ്രശ്നം സംഭവിക്കുന്നത് എന്നാണ് ജയിലധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ജയില്പുള്ളികളെ സന്തോഷിപ്പിക്കാന്‍ ചെയ്യുന്ന ഈ കാര്യങ്ങള്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് ചെയ്യുന്നതെന്നും അതുകൊണ്ടുതന്നെ കുറച്ചുകൂടി ആലോചന ഇക്കാര്യത്തില്‍ ആവശ്യമായിരുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല