സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഈജിപ്ത് ഏകാധിപതി ഹുസ്‌നി മുബാറക് (84) മരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ടോറാ ജയിലില്‍ തടവില്‍ കഴിയുന്ന മുബാറക് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയതായാണ് റിപ്പോര്‍ട്ട്.
ഈജിപ്തിലെ വിവിധ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. എന്നാല്‍ മുബാറക് മരിച്ചിട്ടില്ലെന്നും കോമയിലാണെന്നുമാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിക്കുന്നത്. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായി ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.
2011 ജനുവരി 25ന് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ് മുബാറക്കിന് സ്ഥാനമൊഴിയേണ്ടി വന്നത്. പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ഒട്ടേറെ പേരെ മുബാറക്കിന്റെ സേന കൊലപ്പെടുത്തിയിരുന്നു. ഈ കുറ്റത്തിനാണ് മുന്‍ പ്രസിഡന്റിന് വിചാരണകോടതി തടവ് ശിക്ഷ വിധിച്ചത്.
ഇസ്‌ലാമിക ഭീകരവാദത്തെ ചെറുക്കാനെന്ന പേരില്‍ ജനാധിപത്യ വിരുദ്ധമായ നയങ്ങള്‍ നടപ്പിലാക്കിയ മുബാറക്കിനെതിരെ ജനരോഷമുയരുകയായിരുന്നു. കയ്‌റോവിനടുത്ത മെനോഫ്യയാണ് മുബാറക്കിന്റെ സ്വദേശം. പാതി ബ്രിട്ടന്‍കാരിയായ സുസേനാണ് ഭാര്യ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല