സ്വന്തം ലേഖകൻ: ടൂറിസവുമായി ബന്ധപ്പെട്ട് നിയമം കടുപ്പിച്ച് സൗദി അറേബ്യ. ഹോട്ടലുകൾ, റിസോർട്ടുകൾ പോലുള്ള ഹോസ്പിറ്റാലിറ്റി സേവനങ്ങൾ ലൈസൻസ് ഇല്ലാതെ നടത്തുന്നവർക്ക് ഇനി മുതൽ കടുത്ത ശിക്ഷ ലഭിക്കും. ടൂറിസം മന്ത്രാലയത്തിന്റേതാണ് മുന്നറിയിപ്പ്. ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ ലൈസൻസ് ലഭ്യമാക്കാതെയാണ് പ്രവർത്തിപ്പിക്കുന്നതെങ്കിൽ സ്ഥാപനത്തിന് 2.5 ലക്ഷം റിയാൽ വരെ പിഴ ഏർപ്പെടുത്താനാണ് തീരുമാനം.
നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ഹോം സ്റ്റേ പോലുള്ള സ്വകാര്യ ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ ലൈസൻസ് ഇല്ലാതെ പ്രവർത്തിപ്പിക്കുന്ന സ്ഥാപനത്തിന് 5,000 റിയാൽ വരെ പിഴ ഈടാക്കും. റിസോർട്ടുകൾ, ഹോട്ടലുകൾ, റസിഡൻസുകൾ പോലുള്ള സംവിധാനങ്ങൾ ലൈസൻസില്ലാതെ പ്രവർത്തിച്ചാൽ 50,000 റിയാൽ വരെ പിഴ ചുമത്തും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഒരു ലക്ഷമായി ഉയരും.
ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കിയിട്ടുണ്ട്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളെ പിടികൂടുകയും ചെയ്തു. സർക്കാർ ടൂറിസം നിരീക്ഷണ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കാതെ പ്രവർത്തിക്കുക, മന്ത്രാലയത്തിന്റെ വർഗ്ഗീകരണ സർട്ടിഫിക്കറ്റിന്റെ അഭാവം, അതിഥികൾക്ക് എളുപ്പത്തിൽ മാനേജറുമായി ബന്ധപ്പെടാനായി റിസപ്ഷനിൽ ഡ്യൂട്ടി മാനേജറുടെ ഫോൺ നമ്പറടങ്ങുന്ന വിശദാംശങ്ങൾ പ്രദർശിപ്പിക്കാതിരിക്കൽ, ബന്ധപ്പെട്ട ലൈസൻസുകൾ പുതുക്കാതിരിക്കൽ, ശുചിത്വമില്ലായ്മ എന്നിവയാണ് പ്രധാനമായും ശ്രദ്ധയിൽ പെട്ട നിയമലംഘനങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല