1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2016

സ്വന്തം ലേഖകന്‍: അപകടത്തില്‍പ്പെട്ട് റോഡില്‍ കിടക്കുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് ഇനി തലവേദനയില്ല, ഒപ്പം സമ്മാനവും ലഭിക്കും. റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെ ആശുപത്രിയിലെത്തിച്ചാല്‍ എത്തിച്ചയാള്‍ പുലിവാലു പിടിക്കുമെന്ന ധാരണ മൂലം രാജ്യത്ത് ചോര വാര്‍ന്നു മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് പരുക്കേറ്റവരെ തക്ക സമയത്ത് ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് നിയമ പരിരക്ഷയും സമ്മാനങ്ങളും നല്‍കാനും കേന്ദ്ര ഗതാഗത മന്ത്രാലയം പുതിയ മാര്‍ഗരേഖ പുറത്തിറക്കിയത്. രേഖയിലെ നിര്‍ദ്ദേശങ്ങള്‍ക്ക് സുപ്രീം കോടതി അംഗീകാരം നല്‍കി.

റോഡപകടങ്ങളില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നവരോട് ആശുപത്രി അധികൃതരോ പോലീസോ പേരും മറ്റു വിവരങ്ങളും ചോദിക്കാന്‍ പാടില്ലെന്നു മാര്‍ഗരേഖ നിര്‍ദേശിക്കുന്നു. വേണമെങ്കില്‍ സ്വയം വെളിപ്പെടുത്താം. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പേരുവിവരം വെളിപ്പെടുത്താന്‍ നിര്‍ബന്ധിച്ചാല്‍ അയാള്‍ക്കെതിരേ നടപടിയുണ്ടാകും.

പുതിയ മാര്‍ഗരേഖ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്തണമെന്ന് സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചു. സേവ് ലൈഫ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന പൊതുതാല്‍പര്യ ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണു നടപടി.

ഹര്‍ജി പരിഗണിച്ച കോടതി മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കുകയായിരുന്നു. അപകടവുമായി ബന്ധപ്പെട്ട സാക്ഷിമൊഴി ഒരിക്കല്‍ മാത്രമേ രേഖപ്പെടുത്തേണ്ടതുള്ളു. അത് അന്വേഷണ സമയത്തോ വിചാരണ സമയത്തോ ആവാം. സാക്ഷിക്ക് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയും കോടതിയില്‍ മൊഴി നല്‍കാം.

സാക്ഷി സ്വമേധയാ കോടതിയിലെത്തുകയാണെങ്കില്‍ കാത്തു നിര്‍ത്താതെ ഒറ്റ സിറ്റിങ്ങില്‍ മൊഴി രേഖപ്പെടുത്തണം. റോഡില്‍ സഹായിക്കുന്നവര്‍ക്കുള്ള സമ്മാനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനമെടുക്കണം.
ഇന്ത്യയില്‍ ഓരോ വര്‍ഷവും ഒന്നര ലക്ഷം പേര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.