
സ്വന്തം ലേഖകൻ: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രോഗം വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചതായി വത്തിക്കാൻ അറിയിച്ചു. ശ്വാസ തടസം ഉള്ളതിനാൽ ഓക്സിജൻ നൽകുന്നത് തുടരുകയാണ്. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ആശുപത്രി മുറിയിൽവെച്ച് മാർപാപ്പ കുർബാനയിൽ പങ്കെടുത്തതായും വത്തിക്കാൻ പറഞ്ഞു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഇന്നലെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. റോമിലെ ഗമെല്ലി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്ദേശങ്ങള്‍ അയച്ചവര്‍ക്കും മാര്‍പാപ്പ നന്ദി അറിയിച്ചു. വത്തിക്കാനായിരുന്നു സന്ദേശം പുറത്ത് വിട്ടത്.
‘കുറച്ച് ദിവസങ്ങളായി സ്‌നേഹത്തോടെയുള്ള പല സന്ദേശങ്ങളും എനിക്ക് ലഭിച്ചു. കുട്ടികളുടെ കത്തുകളും ചിത്രങ്ങളും എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഈ സാമീപ്യത്തിനും ലോകമെമ്പാടും നിന്നുമുള്ള പ്രാര്‍ത്ഥനകള്‍ക്കും നന്ദി. ഞാന്‍ നിങ്ങള്‍ എല്ലാവരെയും മാതാവിന്‍റെ മധ്യസ്ഥതയില്‍ ഏല്‍പ്പിക്കുന്നു, എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’, മാര്‍പാപ്പ പറഞ്ഞു.
നേരത്തെ മാര്‍പാപ്പയുടെ നില ഗുരുതരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചിരുന്നു. അദ്ദേഹം കഴിഞ്ഞ ദിവസത്തേക്കാള്‍ ക്ഷീണിതനാണെന്നും ശ്വാസ തടസം നേരിട്ടതായും മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ഡോക്ടര്‍മാര്‍ പറഞ്ഞു. പോപ്പിന്റെ ഇരു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ചതായി വത്തിക്കാന്‍ അറിയിച്ചിരുന്നു. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഫെബ്രുവരി 14ന് ആണ് പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല