
സ്വന്തം ലേഖകൻ: കഴിഞ്ഞ ആഴ്ചമുതൽ ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമെന്ന് റിപ്പോർട്ട്. രണ്ട് ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ചെന്നും സ്ഥിതി സങ്കീർണമായെന്നും വത്തിക്കാൻ അറിയിച്ചു. ഒരാഴ്ചയായി ശ്വാസകോശ അണുബാധയെ തുടർന്ന് ബുദ്ധിമുട്ടിലായ 88-കാരനായ അദ്ദേഹത്തെ ഫെബ്രുവരി 14-നാണ് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സി.ടി സ്കാൻ പരിശോധനയിലാണു ഗുരുതരമായ ന്യുമോണിയ കണ്ടെത്തിയത്. അണുബാധയ്ക്കുള്ള ആന്റിബയോട്ടിക്, കോർട്ടിസോൺ തെറാപ്പി ചികിത്സ പുരോഗമിക്കുകയാണ്. തനിക്കുവേണ്ടി പ്രാർഥിക്കാൻ മാർപാപ്പ അഭ്യർഥിച്ചു. ആശുപത്രിക്ക് മുൻപിൽ ആയിരങ്ങൾ അദ്ദേഹത്തിനായി പ്രാർഥനയിൽ മുഴുകിയിരിക്കുകയാണ്. ഞായറാഴ്ച വരെ മാർപാപ്പയുടെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്.
അൽപം സങ്കീർണമായ അണുബാധയാണുള്ളതെന്നും ആരോഗ്യനില തൃപ്തികരമാകുന്നതുവരെ അദ്ദേഹം ആശുപത്രിയിൽ തുടരുമെന്നും വത്തിക്കാൻ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ അദ്ദേഹം പ്രഭാതഭക്ഷണം കഴിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂണി പറഞ്ഞു.
വെന്റിലേറ്ററിന്റെ സഹായം ആവശ്യമില്ലെന്നും നിലവിൽ അദ്ദേഹം സ്വാഭാവിക രീതിയിലാണ് ശ്വാസിക്കുന്നതെന്നും വത്തിക്കാൻ അധികൃതർ അറിയിച്ചു. 20 വയസ്സുപ്പോൾ, അണുബാധയെ തുടർന്ന് മാർപാപ്പയുടെ ശ്വാസകോശത്തിന്റെ ഒരുഭാഗം നീക്കം ചെയ്തിരുന്നു. 2021-ൽ അദ്ദേഹത്തിന് വൻകുടൽ ശസ്ത്രക്രിയയും നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല