ബ്രിട്ടനിലെ ഭൂരിഭാഗം ആളുകളും ആദ്യമായി വീട് വാങ്ങുന്നത് മുപ്പത്തിയഞ്ച് വയസ്സിന് ശേഷമെന്ന് റിപ്പോര്‍ട്ട്. ഒരു ദശകത്തിന് മുന്‍പ് മുപ്പത്തിയഞ്ച് വയസ്സിന് ശേഷം വീട് സ്വന്തമാക്കുന്നവരുടെ എണ്ണം പത്തില്‍ ഒന്നായിരുന്നു എങ്കില്‍ നിലവില്‍ അത് മൂന്നില്‍ ഒന്ന് എന്ന കണക്കിലാണ്. ചെറുപ്പക്കാരായ ആളുകള്‍ക്ക് ഒരു വീട് എന്ന സ്വപ്‌നം പെട്ടന്നൊന്നും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ല എന്നതാണ് ഇതിന്റെ അര്‍ത്ഥം. ഗവണ്‍മെന്റിന്റെ ഇംഗ്ലീഷ് ഹൗസിങ്ങ് സര്‍വ്വേ അനുസരിച്ച് 2008 മുതല്‍ 2011 വരെയുളള കാലഘട്ടത്തില്‍ ആദ്യമായി വീട് വാങ്ങിവരില്‍ 32.3 ശതമാനത്തിന്റേയും പ്രായം മുപ്പത്തിയഞ്ചിന് മുകളിലാണ്. ഇതില്‍ തന്നെ 6.5 ശതമാനം ആളുകള്‍ നാല്പതുകളുടെ അവസാനത്തിലോ അന്‍പതുകളുടെ ആദ്യമോ ആണ് ഒരു വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നത്.
ഭവന വിപണിയില്‍ നിന്ന പുറത്താക്കപ്പെട്ട ബ്രിട്ടനിലെ മുഴുവന്‍ തലമുറയുടേയും മുന്നിലുളള ഏക വഴി വാടകക്ക് താമസിക്കുക എന്നുളളതാണ്. ഒരു പാട് ആളുകള്‍ വാടകക്ക് താമസിക്കുക എന്നത് ഒരു സാധാരണ കാര്യമായി തന്നെ കാണുന്നുണ്ടെന്ന് ഹൗസിങ്ങ് ചാരിറ്റി ഗ്രൂപ്പായ ഷെല്‍ട്ടറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കാംപ്‌ബെല്‍ റോബ് പറഞ്ഞു. വാടകയും നല്‍കാന്‍ കഴിവില്ലാത്തവര്‍ മാതാപിതാക്കള്‍ക്കൊപ്പം തന്നെ താമസിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇത്തരമൊരു സാഹചര്യം പുതുതലമുറയുടെ ഇടയില്‍ കനത്ത അസംതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നും റോബ് ചൂണ്ടിക്കാട്ടി.
വാടകക്ക് താമസിക്കുന്നവരെ വീട്ടുടമകള്‍ക്ക് ഒരുമാസത്തെ നോട്ടീസ് നല്‍കി ഇറക്കിവിടാനാകും. അതുകൊണ്ട് തന്നെ എപ്പോഴും ഒരു അരക്ഷിതാവസ്ഥയിലാകും വാടകക്കാരുടെ ജീവിതം. സ്വന്തമായി ഒരു വീടുളള ഒരാള്‍ ചുരുങ്ങിയത് പന്ത്രണ്ട് വര്‍ഷമെങ്കിലും ഒരു വീട്ടില്‍ താമസിക്കുമ്പോള്‍ സ്വകാര്യ വ്യക്തികളുടെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന ഒരാള്‍ക്ക് കിട്ടുന്ന പരമാവധി കാലാവധി ഒരു വര്‍ഷമാണ്. മികച്ച ശമ്പളം ലഭിക്കുന്ന ഒരാള്‍ക്ക് സ്വന്തമായി വീട് വാങ്ങാന്‍ സാധിക്കുമ്പോള്‍ ഒരു ശരാശരി ശമ്പളക്കാരന് അത്രപെട്ടൊന്നൊന്നും ആസ്വപ്‌നത്തിലേക്ക് അടുക്കാന്‍ കഴിയില്ല.
സ്വന്തം വീട്ടില്‍ താമസിക്കുന്ന ഒരു കുടുംബത്തിന്റെ വരുമാനം 40,900 പൗണ്ടാണ്. എന്നാല്‍ വാടകക്ക് താമസിക്കുന്ന ഒരാളുടെ ശരാശരി വരുമാനം 29,000 പൗണ്ട് ആയിരിക്കും. വീട്ടുടമസ്ഥന് നല്‍കുന്ന വാടകയേക്കാള്‍ വളരെ കുറവായിരിക്കും ഒരു ഭവനവായ്പയുടെ തിരിച്ചടവെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. സ്വന്തമായി വീടുളള ഒരാളുടെ ആഴ്ചയിലുളള വായ്പാ തിരിച്ചടവ് 143 പൗണ്ടാണ്. എന്നാല്‍ ഒരാഴ്ചത്തെ വാടക 160 പൗണ്ട് ആയിരിക്കും. അതായത് വര്‍ഷം 850 പൗണ്ട് അധികമായി വാടകയിനത്തില്‍ നല്‍കണം. അടുത്തിടെ സന്നദ്ധ സംഘടനയായ ജോസഫ് റൗണ്‍ട്രീ ഫൗണ്ടേഷന്റെ ഒരു റിപ്പോര്‍ട്ടില്‍ യുവ തലമുറയുടെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. 1970കളിലേക്കാള്‍ വീട് വാടകക്ക് നല്‍കി വരുമാനമുണ്ടാക്കുന്ന ആളുകളുടെ എണ്ണം ഏറെ വര്‍ദ്ധിച്ചതായി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ കമ്മ്യൂണിറ്റീസ് ആന്‍ഡ് ലോക്കല്‍ ഗവണ്‍മെന്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
2010/11 കാലയളവില്‍ വാടകക്ക് താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം 3.6 മില്യണ്‍ ആണ്. പത്ത് വര്‍ഷം മുന്‍പ് ഇത് രണ്ട് മില്യണ്‍ ആയിരുന്നു. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനുളളില്‍ 260,000 പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുളളത്. എന്നാല്‍ വീട് സ്വന്തമാക്കുന്നവരുടെ എണ്ണത്തില്‍ ഇക്കാലയളവില്‍ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. 2006ല്‍ സ്വന്തമായി വീട് ഉളളവരുടെ എണ്ണം 14.8 മില്യണ്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 14.45 മില്യണാണ്. മുപ്പത്തിയഞ്ച് വയസ്സിന് ശേഷവും ഒരു വീട് സ്വന്തമാക്കാന്‍ ആളുകള്‍ അവരുടെ മാതാപിതാക്കളുടെ സഹായം തേടുന്നതായും കൗണ്‍സില്‍ ഓഫ് മോര്‍ട്ട്‌ഗേജ് ലെന്‍ഡേഴ്‌സിന്റെ പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം വീട് സ്വന്തമാക്കിയവരില്‍ എണ്‍പത് ശതമാനവും മാതാപിതാക്കളുടെ സഹായത്തോടെയാണ് വീട് വാങ്ങിയത്. എന്നാല്‍ 2005 ല്‍ ഇത് വെറും മുപ്പത്തിയഞ്ച് ശതമാനമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല