1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2024

സ്വന്തം ലേഖകൻ: പ്രഭു സഭ നിര്‍ത്തലാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിയായ നിക് തോമസ് സിമ്മണ്ട്‌സ് പറഞ്ഞു. എന്നാല്‍, ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും ഇതിനായി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപരിസഭയുടെ ചടങ്ങുകളും ധര്‍മ്മങ്ങളും കാത്തു സൂക്ഷിച്ചുകൊണ്ടു തന്നെ പകരം മറ്റൊരു സഭ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐ ന്യൂസ് പോര്‍ട്ടലില്‍ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം ഇത് പറഞ്ഞത്.

ഉപരിസഭയില്‍ പരമ്പരാഗത അവകാശത്തിന്റെ പേരില്‍ ഇടം പിടിച്ച അംഗങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള നടപടിയാണ് ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. യു കെയിലെ എല്ലായിടങ്ങളില്‍ നിന്നുമുള്ള ഏതൊരാള്‍ക്കും നാട്ടിലെ നിയമങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പങ്ക് ലഭിക്കുന്നതിനായി ഹൗസ് ഓഫ് ലോര്‍ഡ്‌സ് (ഹെറിഡിറ്ററി) അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പാര്‍ലമെന്റില്‍ വരുന്ന ബില്ലുകളിന്മേല്‍ വോട്ട് ചെയ്യാനുള്ള അവകാശം ജന്മം കൊണ്ട് ലഭിക്കുക എന്നത് നല്ലതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആധുനിക ബ്രിട്ടനില്‍ നിയമ നിര്‍മ്മാണത്തില്‍ പാരമ്പര്യത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ സഭ നിലവില്‍ വരുന്നത് വരെയുള്ള ഇടക്കാലത്ത് പ്രഭു സഭയിലെ 80 വയസ്സ് പൂര്‍ത്തിയായ അംഗങ്ങളെ വിരമിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാക്കും എന്നും അദ്ദേഹം പറഞ്ഞു. പുതിയ നീക്കത്തെ സാമൂഹ്യ പ്രവര്‍ത്തകരും സ്വാഗതം ചെയ്യുകയാണ് എന്നാല്‍, പുതിയതായി രൂപീകരിക്കുന്ന ഉപരിസഭയില്‍ അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന അഭിപ്രായവും ശക്തമാണ്. നിലവില്‍ ചൈനയിലെ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്സ് കഴിഞ്ഞാല്‍, ലോകത്തിലെ ഏറ്റവും അധികം അംഗങ്ങളുള്ള നിയമ നിര്‍മ്മാണ സഭയാണ് പ്രഭു സഭ.

എന്നാല്‍, ഇത്തരമൊരു നീക്കം ഏറെ ക്ലേശമേറിയ ഒന്നാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. എം. പിമാരില്‍ നിന്നും പ്രഭു സഭാംഗങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടാകും. നേരത്തെയും ലേബര്‍ സര്‍ക്കാരുകള്‍ ഇത്തരം നിര്‍ദ്ദേശങ്ങളുമായി വന്നെങ്കിലും അതൊന്നും നടപ്പിലായില്ല എന്നും അവര്‍ പറയുന്നു. പ്രഭു സഭയുടെ ഘടന മാറണമെന്ന് വ്യാപകമായ അഭിപ്രായമുണ്ടെങ്കിലും, അത് എങ്ങനെയായിരിക്കണം എന്നത് അവ്യക്തമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.