സ്വന്തം ലേഖകൻ: മാസങ്ങള്‍ നീണ്ട വടംവലിയ്ക്കും നാടകീയതയ്ക്കും ഒടുവില്‍ റുവാന്‍ഡ ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ പാസായി. ഏത് വിധേനയും ബില്‍ പാസാക്കാന്‍ അരയും തലയും മുറുക്കി പ്രധാനമന്ത്രി റിഷി സുനാക് നടത്തിയ നീക്കങ്ങള്‍ അര്‍ദ്ധരാത്രിവരെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കിടെ പാസാകുകയായിരുന്നു. ബ്രിട്ടനില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് നാടുകടത്താനുള്ള സുപ്രധാനമായ ബില്‍ ആണിത്. ബില്ലില്‍ വെള്ളം ചേര്‍ക്കാനും, വൈകിപ്പിക്കാനും പലകുറി ശ്രമിച്ച ശേഷമാണ് പിയേഴ്‌സ് തോല്‍വി സമ്മതിച്ചത്.
പാര്‍ലമെന്റില്‍ അഞ്ച് റൗണ്ട് കറങ്ങിയ ശേഷമാണ് ബില്‍ കടമ്പ കടന്ന് നിയമമായി മാറുന്നത്. പിയേഴ്‌സ് മുന്നോട്ട് വെച്ച ഭേദഗതികള്‍ ഓരോ തവണയും എംപിമാര്‍ പരാജയപ്പെടുത്തി. ആഫ്രിക്കന്‍ രാജ്യമായ റുവാന്‍ഡയിലേക്ക് ചാനല്‍ കുടിയേറ്റക്കാരെ അയയ്ക്കുന്നതിന് മുന്‍പ് സ്വതന്ത്ര നിരീക്ഷണ കമ്മീഷനെ നിയോഗിക്കണമെന്നായിരുന്നു ഒടുവിലത്തെ ഭേദഗതി. എന്നാല്‍ 237ന് എതിരെ 312 വോട്ടിന് ഈ ഭേദഗതിയും കോമണ്‍സ് തള്ളി.
ഇതോടെയാണ് പിയേഴ്‌സിന് മറ്റ് വഴികളില്ലാതെ മുട്ടുകുത്തേണ്ടി വന്നത്. രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കാനുള്ള സദാചാരപരവും, ദേശസ്‌നേഹവുമുള്ള ബില്ലെന്ന് വിശേഷിപ്പിച്ചാണ് മന്ത്രി ലോര്‍ഡ് ഷാര്‍പ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. സേഫ്റ്റി ഓഫ് റുവാന്‍ഡ ബില്ലിന് ഇന്ന് രാജകീയ അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നത്.
ഇത് പൂര്‍ത്തിയായാല്‍ സുനാകിന് വാക്കുപാലിക്കാന്‍ കഴിയുമോയെന്ന ചോദ്യമാണ് ബാക്കിയാകുന്നത്. ജൂലൈ മാസത്തോടെ നാടുകടത്തല്‍ വിമാനങ്ങള്‍ പറക്കുമെന്നാണ് സുനാക് പ്രഖ്യാപിച്ചിരുന്നത്. പാര്‍ലമെന്റ് നടപടികള്‍ നീണ്ടുപോകുമെന്ന ആശങ്കയില്‍ ഏത് വിധേനയും ബില്‍ പാസാക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ആശയക്കുഴപ്പങ്ങള്‍ക്ക് ഒടുവില്‍ ബില്‍ പാസായതോടെ സുപ്രധാന നീക്കത്തിന് തയ്യാറെടുക്കുകയാണ് ഗവണ്‍മെന്റ്. അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള സുപ്രധാന ആയുധമാണ് ഈ നിയമം. ഇത് തിരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാക്കാനും ടോറികള്‍ക്കു കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല