ബ്രിട്ടണില്‍ വീടുവില കുത്തനെ ഇടിയുന്നതായി സൂചന. കഴിഞ്ഞ മാസത്തെ കണക്കുകള്‍ മുന്‍നിര്‍ത്തിയാണ് ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം മാത്രം വീടുവിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. കൃത്യമായ കണക്കുകള്‍ പ്രകാരം വീടുവിലയില്‍ ഒരുദിവസം അമ്പത്തിയൊന്ന് പൗണ്ടിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
ഓരോ ദിവസവും ഇത്രയും പൗണ്ട് വീടുവിലയില്‍ കുറഞ്ഞെന്ന് കേള്‍ക്കുമ്പോള്‍തന്നെ ബ്രിട്ടണിലെ വീടുവിപണി നേരിടുന്ന തകര്‍ച്ചയെക്കുറിച്ച് ഏതാണ്ടൊരു ധാരണയായിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നാണ് കണക്കുകള്‍ പരിശോധിച്ച നാഷണല്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി വെളിപ്പെടുത്തുന്നത്.
കഴിഞ്ഞ ഡിസംബറിലെ വീടുവിലയില്നിന്ന് 0.2%തിന്റെ കുറവാണ് ജനുവരിയില്‍ മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്. 2010 ജൂണില്‍ ബ്രിട്ടണിലെ ശരാശരി വീടുവില 170,111 പൗണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത് 162,228 പൗണ്ടാണ്. വീടുവിപണി നേരിടുന്ന വന്‍തകര്‍ച്ചയാണ് ഇത് കാണിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ദര്‍ പറഞ്ഞു. വീടുവാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇത് നല്ല കാലമാണെന്ന് മുതിര്‍ന്ന സാമ്പത്തികവിദഗ്ദനായ റോബര്‍ട്ട് ഗാഡ്നര്‍ പറഞ്ഞു.
അടുത്തവര്‍ഷം പകുതിവരെ വിപണിയില്‍ കാര്യമായ ഏറ്റക്കുറച്ചില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും സൂചനകളുണ്ട്. അങ്ങനെയാണെങ്കില്‍ വീടുവിപണിയില്‍ കാര്യമായ വ്യത്യാസങ്ങള്‍ അടുത്തവര്‍ഷം പകുതിവരെ ഉണ്ടാകില്ലെന്നാണ് മുതിര്‍ന്ന സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്. കടുത്ത സാമ്പത്തികമാന്ദ്യത്തിന്റെ പിടിയില്‍പ്പെട്ട ബ്രിട്ടീഷ് ജനത ഇപ്പോള്‍ വീട് വില്‍ക്കാനും മറ്റും കൂടുതല്‍ താല്പര്യം കാണിക്കുന്നുണ്ട്. ബാങ്കില്‍നിന്നെടുത്ത ലോണുകളും മറ്റും അടയ്ക്കാന്‍ വയ്യാതെ മിക്കവാറും മധ്യവര്‍ഗ കുടുംബങ്ങളും വീട് വില്‍ക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടത്തുന്നുണ്ട്. ഇതെല്ലാമാണ് വീടുകള്‍ക്ക് ഇത്രയും വില കുറയാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല