സ്വന്തം ലേഖകന്‍: സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് നാലു ശതമാനം പലിശക്ക് ഭവന വായ്പ പദ്ധതി വരുന്നു. നഗര മേഖലകളില്‍ താമസിക്കുന്ന സാമ്പത്തിക ദുര്‍ബല വിഭാഗങ്ങള്‍ക്കും ചേരിനിവാസികള്‍ക്കുമാണ് നാലു ശതമാനം പലിശക്കു ഭവന വായ്പ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ഭവന വായ്പക്ക് ആറര ശതമാനം പലിശയിളവു ലഭ്യമാക്കും. 2022 ല്‍ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണു പദ്ധതി.
പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്കു 2.30 ലക്ഷം രൂപയുടെ പലിശയിളവു ലഭിക്കും. അതനുസരിച്ചു വായ്പയുടെ പ്രതിമാസ തിരിച്ചടവു തുകയില്‍ 2852 രൂപ കുറയും. നിലവില്‍ ആറുലക്ഷം രൂപയുടെ ഭവന വായ്പയ്ക്ക് (14 വര്‍ഷം) പ്രതിമാസം 6632 രൂപ തിരിച്ചടയ്‌ക്കേണ്ടത് ഇനി 4050 രൂപയായി കുറയും.
ദേശീയ നഗര ഭവന പദ്ധതിയില്‍ പലിശയിളവിനു പുറമെ മറ്റു മൂന്നു വിഭാഗങ്ങളിലും ഇളവുകള്‍ പ്രഖ്യാപിച്ചു. ചേരി നിവാസികളുടെ പുനരധിവാസ പദ്ധതിയില്‍ ഓരോ വീടിനും ശരാശരി ഒരു ലക്ഷം രൂപയുടെ കേന്ദ്ര സഹായം ലഭിക്കും. ചേരിഭൂമി വിനിയോഗിച്ചു സ്വകാര്യ പങ്കാളിത്തത്തോടെയാണു പദ്ധതി. സംസ്ഥാനങ്ങള്‍ക്കും പദ്ധതി വിഹിതം നല്‍കാം.
പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ചെലവു കുറഞ്ഞ ഭവന പദ്ധതികളില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഓരോ വീടിനും ഒന്നര ലക്ഷം രൂപ കേന്ദ്രസഹായം നല്‍കാനം ധാരണയായി. വീടു വക്കുന്നവര്‍ക്കു സബ്‌സിഡി നല്‍കുന്ന പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ ധനസഹായമായി ഒന്നര ലക്ഷവും ലഭിക്കും. ആധാര്‍ നമ്പര്‍, ജന ധന യോജന ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാകും പലിശയിളവും ധനസഹായവും ആവശ്യക്കാരിലേക്ക് എത്തിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല