സ്വന്തം ലേഖകന്‍: സൗദി ജനവാസമേഖലയ്ക്കു നേരെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം സൗദി സേന തകര്‍ത്തു; ഒഴിവായത് വന്‍ ദുരന്തം. റിയാദിനെ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി അറേബ്യ തകര്‍ത്തു. സൗദിയുടെ മിസൈല്‍ പ്രതിരോധ സംവിധാനമാണു മിസൈല്‍ ലക്ഷ്യത്തിലെത്തും മുന്‍പേ കണ്ടെത്തി ആകാശത്തുവച്ചു തകര്‍ത്തത്. സൗദി തലസ്ഥാനത്തെ പ്രതിരോധ മന്ത്രാലയം അടക്കമുള്ള കേന്ദ്രങ്ങളാണു ഹൂതികള്‍ ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ റിയാദ് ലക്ഷ്യമാക്കി യമന്‍ അതിര്‍ത്തിയില്‍ നിന്ന് വന്ന ബാലിസ്റ്റിക് മിസൈസാണ് സൗദി സൈന്യം തകര്‍ത്തത്. ജനവാസ മേഖല ലക്ഷ്യം വെച്ചെത്തിയ മിസൈല്‍ ആകാശത്ത് വെച്ച് തകര്‍ത്തതായി അധികൃതര്‍ അറിയിച്ചു. നേരത്തേ പല തവണ റിയാദ് ലക്ഷ്യമാക്കി വന്ന മിസൈലുകള്‍ സൗദി പ്രതിരോധ സേന തകര്‍ത്തിരുന്നു. ഒരു മാസത്തിനിടെ 21 ആം തവണയാണ് സൗദിയിലേക്ക് മിസൈല്‍ വരുന്നത്. അക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തു.
സൗദിയിലെ നിരവധി നഗരങ്ങള്‍ക്കു നേരെയും നേരത്തെ മിസൈല്‍ ആക്രണം നടന്നിട്ടുണ്ട്. നജ്‌റാന്‍, ജിസാന്‍, മെക്ക എന്നിവിടങ്ങളിലേക്കും മിസൈല്‍ ആക്രമണം നടത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാ മിസൈലുകളും പാട്രിയറ്റിന്റെ സഹായത്തോടെ തകര്‍ത്തു. കഴിഞ്ഞ വര്‍ഷം നവംബറില്‍ റിയാദിലെ എയര്‍പോര്‍ട്ട് ലക്ഷ്യമിട്ട് യെമന്‍ വിമതരായ ഹൂതികള്‍ വിക്ഷേപിച്ച മിസൈലും തകര്‍ത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല