ഇംഗ്ലണ്ടിലെ മാത്രം കാര്യമെടുക്കുകയാണെങ്കില്‍ 10 മില്യണിലധികം ആളുകളും ദിവസവും പരിധി വിട്ട് മദ്യപിക്കുന്നവര്‍ ആണ്. ഇതിന്റെ പ്രതിഫലമെന്നോളം 2009-10 കാലയളവില്‍ മദ്യപാന അനുബന്ധ രോഗങ്ങളുമായി ആശുപത്രിയില്‍ അഡ്മിറ്റായ രോഗികളുടെ എണ്ണം മില്യന്‍ കവിയുകയും ചെയ്തു. ഔദ്യോഗിക കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ തന്നെ ഏതാണ്ട് മൂന്നില്‍ ഒരു പുരുഷനും അഞ്ചില്‍ ഒരു സ്ത്രീയും അവരുടെ ആരോഗ്യത്തിന് ഹാനികരമാകും വിധം മദ്യപിക്കുന്നവരാണ്. അതും ദിവസവും മദ്യപിക്കുന്നവരാണ് ഇവരില്‍ ബഹുഭൂരിപക്ഷവും. ഈ സാഹചര്യത്തിലാണ് മദ്യപാനവും അതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെയും പറ്റിയൊരു ബോധവല്‍ക്കരണം ആവശ്യമായി വരുന്നത്. നമുക്ക് നോക്കാം മദ്യം നമ്മുടെ ശരീരത്തെ എങ്ങനെയെല്ലാം മാറ്റി മറിക്കുന്നുവെന്നു..
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, സ്ട്രോക്ക്
അമിതമായാല്‍ അമൃതും വിഷം എന്ന ചൊല്ല് പോലെയാണ് ഹൃദയത്തിന്റെ കാര്യത്തില്‍ മദ്യപാനവും. ഗവേഷകര്‍ പറയുന്നത് കുറഞ്ഞ തോതിലുള്ള മദ്യപാനം നമ്മുടെ ആരോഗ്യത്തെ പ്രത്യേകിച്ച് 40 വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെയും ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളുടെയും ഹൃദ്രോഗ സാധ്യത കുറയ്ക്കുമ്പോള്‍ ഇതേ മദ്യപാനം അമിതമായാല്‍ അതായാത് ദിവസവും എട്ട് യൂണിറ്റില്‍ അധികം കുടിക്കുന്ന പുരുഷന്മാരിലും ആറ് യൂണിറ്റില്‍ അധികം കുടിക്കുന്ന സ്ത്രീകളിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ഹൃദ്രോഗത്തിനും സ്ട്രോക്കിനും ഇരട്ടി സാധ്യതയാണ് എന്നാണ്. ഹെല്‍ത്ത് മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഹേര്‍ട്ട് അറ്റാക്കും സ്ട്രോക്കുമാണ് ബ്രിട്ടനിലെ ഏറ്റവും വലിയ കൊലയാളികള്‍ ഇവയ്ക്കു പ്രധാന കാരണം അമിത മദ്യപാനവും.
കാന്‍സര്‍
ഏറ്റവും ഒടുവില്‍ പുറത്തുവന്ന ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ നടത്തിയ ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഓരോ വര്‍ഷവും യുകെയില്‍ കാന്‍സര്‍ മൂലം ഏതാണ്ട് 13000 മരണങ്ങളാണ് സംഭവിക്കുന്നത്. പുകവലിക്കും മദ്യപാനത്തിനും കാന്‍സര്‍ രോഗത്തെ ക്ഷണിച്ച് വരുത്താന്‍ കഴിവ് കൂടുതലാണ്, പ്രത്യേകിച്ച് വായ, കഴുത്ത്, തൊണ്ട എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന കാന്‍സര്‍ സാധ്യത പുകവലിയും മദ്യപാനവും കൊണ്ട് നടക്കുന്നവരില്‍ 30 ശതമാനം അധികം സാധ്യതയാണ്. അമിത മദ്യപാനം കുടലിലെയും കരളിലേയും കാന്‍സറിനു പ്രധാന കാരണമാകുമ്പോള്‍ സ്ത്രീകളില്‍ സ്തനാര്‍ബുധവും ഉണ്ടാകാനും ഇടയാക്കുന്നു.
കരള്‍ രോഗങ്ങള്‍
സ്ഥിരമായുള്ള അമിത മദ്യപാനം കരളില്‍ കൊഴുപ്പ് അറിഞ്ഞു കൂടാനും ഇതുവഴി കരളില്‍ പല രോഗങ്ങളും ഉണ്ടാകാനും ഇടയാക്കുന്നു. ഈയൊരു അവസ്ഥയില്‍ മദ്യപാനം നിര്‍ത്തുന്നത് കരളിനെ സംരക്ഷിക്കും അതേസമയം വീണ്ടും മദ്യപാനം തുടരുകയാണെങ്കില്‍ ലിവറിന്റെ നില നില്‍പ്പ് തന്നെ അവതാളത്തിലാകും. തുടര്‍ന്നു കരള്‍ വീക്കം ഉണ്ടാകുകയും ചില സന്ദര്‍ഭങ്ങളില്‍ ഇതില്‍ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലക്കുന്നതിനും മരണത്തിനും ഇടയാക്കും.
പാന്‍ക്രിയാറ്റിട്ടിസ്
അമിത മദ്യപാനമാണ് പാന്‍ക്രിയാറ്റിട്ടിസ് ഉണ്ടാകാന്‍ പ്രധാനപ്പെട്ട ഒരു കാരണം. മൂന്നില്‍ രണ്ടു പേര്‍ക്കും പാന്‍ക്രിയാറ്റിട്ടിസ് ഉണ്ടാകുന്നത് അമിതമായ മദ്യപാനം മൂലമാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. ചിലരെ ഇത് മാരകമായ അവസ്ഥയിലേക്ക് നയിക്കുകയും പാന്‍ക്രിയാസില്‍ തുടര്‍ച്ചയായ വേദന അനുഭവപ്പെടാന്‍ ഇടയാക്കുകയും ചെയ്യും. അമിത മദ്യപാനം തുടരുന്ന പക്ഷം പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലക്കുകയും ചെയ്യും.
ആല്‍ക്കഹോള്‍ പോയിസണിംഗ്
സാധാരണയായി മനുഷ്യ ശരീരത്തിന് ഒരു മണിക്കൂറില്‍ ഒരു യൂണിറ്റു മദ്യത്തെ മാത്രമേ മെറ്റാബോളിസ് ചെയ്യാനാകു. അതുകൊണ്ട് കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മദ്യപിക്കുമ്പോള്‍ ബ്ലഡ് ആല്‍ക്കഹോള്‍ സാന്ദ്രത പെട്ടെന്ന് ഉയരുവാന്‍ ഇടയാകും. ഇത് നിങ്ങള്‍ മദ്യപാനം നിര്‍ത്തിയാലും തുടരുക തന്നെ ചെയ്യും, ഈയൊരു അവസ്ഥയില്‍ മദ്യപാനം തുടര്‍ന്നാലും നിര്‍ത്തിയാലും നിങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ഒന്നുകില്‍ ഉറക്കത്തിലേക്കു വഴുതി വീഴും അല്ലെങ്കില്‍ മരണം തന്നെ സംഭവിക്കും. ഇതിനെയാണ് ആല്‍ക്കഹോള്‍ പോയിസണിംഗ് എന്ന് പറയുന്നത്.
ഭാരക്കൂടുതല്‍
അമിതമായി മദ്യപിക്കുന്നവര്‍ കുടവയറന്‍ മാറും പൊണ്ണത്തടി ഉള്ളവരുമാണെന്ന കാര്യം നിങ്ങള്‍ ശ്രദ്ധിച്ചു കാണും, ഇതിനു കാരണം മദ്യത്തില്‍ അടങ്ങിയിരിക്കുന്ന കലോറിയാണ് എന്നാല്‍ വാസ്തവത്തില്‍ ഈ കലോറി നമുടെ നൂട്രീശന്‍ വ്യവസ്ഥയില്‍ ഒരു ഗുണവും ചെയ്യുന്നില്ല എന്നതാണ് സത്യം. അതേസമയം മദ്യതോടോപ്പം നാം തൊട്ടു കൂട്ടുന്ന ലഘുഭാക്ഷണങ്ങളും ഇത്തരത്തില്‍ കലോറി കൂട്ടുന്നതാണ് താനും ഇതൊക്കെ മൂലം തടി കൂടിയില്ലെങ്കിലെ അത്ഭുതമുള്ളൂ.. എന്നാല്‍ ആ തടി കൊണ്ട് യാതൊരു ഗുണവും ഉണ്ടാകില്ലെന്ന് മാത്രം.
ഉറക്കപ്രശ്നങ്ങള്‍
നിങ്ങള്‍ കരുതുന്നുണ്ടോ മദ്യം നിങ്ങളെ ഉറങ്ങാന്‍ സഹായിക്കുമെന്ന്? ബ്രിട്ടനില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ കണ്ടെത്തിയത് 58 ശതാമാനം പേരും അഭിപ്രായപ്പെട്ടത് മദ്യപാനം അവരെ ഉറങ്ങാന്‍ സഹായിക്കുമെന്നാണ് എന്നാല്‍ ഇത് തെറ്റാണ്. അതൊരു ഉറക്കമായി കണക്കാക്കാന്‍ പറ്റില്ല കാരണം ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ നാം അനുഭവിക്കുന്ന ഉന്മേഷം മദ്യപിച്ചുറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ നമുക്ക് ലഭിക്കില്ല എന്നത് കൊണ്ട് തന്നെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല