കൊള്ളയടിക്കപ്പെടുന്ന ഒരു സമൂഹത്തെക്കുറിച്ചാണ് ഈ കുറിപ്പ്. നേഴ്സുമാര്‍ എന്നാണ് കൊള്ളയടിക്കപ്പെടുന്ന, ചതിക്കപ്പെടുന്ന ആ സമൂഹത്തിന്റെ പേര്. ചെന്നൈയില്‍ നടക്കുന്ന സമരങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ചിന്ത ഉയര്‍ന്നുവരുന്നത്. രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രികള്‍ ഉള്ള സ്ഥലമാണ് ചെന്നൈ. ഒന്നുകൂടി പറഞ്ഞാല്‍ രാജ്യാന്തരനിലവാരത്തിലുള്ളതാണ് ചെന്നൈയിലുള്ളത്. ചെന്നൈയിലുള്ള ചില ചികിത്സകള്‍ പിന്നെയുള്ള ബാങ്കോങ്കിലേയും സിംഗപ്പൂരിലേയും ആശുപത്രികളിലാണ് എന്നൊക്കെയാണ് പറയുന്നത്. ചിലതരം ഓപ്പറേഷനുകള്‍ ഇന്ത്യയില്‍ ഏറ്റവും നല്ലരീതിയില്‍ ചെയ്യുന്നത് ചെന്നൈയിലെ പേരെടുത്ത ആശുപത്രികളിലാണ്.
ചെന്നൈയിലെ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് നല്ലരീതിയിലുള്ള ശമ്പളങ്ങളും മറ്റും കൊടുക്കുന്നുണ്ട്. എന്നാല്‍ ഈ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേഴ്സുമാരുടെ കാര്യം കഷ്ടമാണ്. ഒരുതരത്തിലുള്ള മാനുഷിക പരിഗണനയും നല്‍കാതെയാണ് ഇവിടങ്ങളില്‍ നേഴ്സുമാരെ കൈകാര്യം ചെയ്യുന്നത്. ആയിരക്കണക്കിന് രോഗികളാണ് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ചെന്നൈയിലെ മുന്തിയ ആശുപത്രികളില്‍ എത്തുന്നത്. മികച്ച രീതിയില്‍ പരിശീലനം ലഭിച്ച നേഴ്സുമാര്‍ക്കുപോലും കാര്യമായ വേതനം കിട്ടുന്നില്ല എന്നതാണ് പ്രശ്നങ്ങളെ രൂക്ഷമാക്കുന്നത്. ഒരു ഓട്ടോറിക്ഷ തൊഴിലാളിക്കോ സൂപ്പര്‍മാര്‍ക്കറ്റിലെ തൊഴിലാളിക്കോ കിട്ടുന്നത്രപോലും വേതനം പരിശീലനം ലഭിച്ച ഒരു നേഴ്സിന് കിട്ടുന്നില്ല എന്ന് പറഞ്ഞാല്‍ കാര്യത്തിന്റെ ഗൗരവം മനസിലാകുമല്ലോ?
സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന നിയമം പാസാക്കിയിട്ടുള്ള ഒരു സംസ്ഥാനത്താണ് ഇത് സംഭവിക്കുന്നത് എന്നതാണ് പ്രശ്നം. രണ്ടായിരം നേഴ്സുമാരാണ് സമരം ചെയ്യാന്‍ തയ്യാറെടുത്തത്. നേഴ്സുമാരുടെ സമരങ്ങളിലെ ഏറ്റവും ശക്തമായ സമരങ്ങളിലൊന്നായിരുന്നു ചെന്നൈയില്‍ നടന്നത്. കൂടുതല്‍ വേതനം, തൊഴില്‍ സൗകര്യങ്ങള്‍, മാനുഷിക പരിഗണന എന്നിവയാണ് സമരം ചെയ്യുന്ന നേഴ്സുമാരുടെ പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ ചില ആശുപത്രികള്‍ സമരങ്ങളെ കായികമായി നേരിടാനാണ് തീരുമാനിച്ചത്. ഗുണ്ടകളെ നേഴ്സുമാര്‍ താമസിക്കുന്ന ഹോസ്റ്റലുകളിലേക്ക് പറഞ്ഞയച്ച് ചില വെള്ളപേപ്പറുകളില്‍ ഒപ്പിട്ട് തരാന്‍ ആവശ്യപ്പെടുകയാണ് ആശുപത്രികള്‍ ചെയ്തത്. ക്രൂരമായാണ് ആശുപത്രികള്‍ സമരം ചെയ്യുന്ന നേഴ്സുമാരോട് പെരുമാറിയത്.
പിരിച്ചുവിടുമെന്ന ഭീഷണിയായിരുന്നു പ്രധാനപ്പെട്ട മറ്റൊരു കാര്യം. ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണികൂടാതെ മറ്റ് തരത്തിലുള്ള ഭീഷണികളും ഉണ്ടായിരുന്നു. സമരം ചെയ്യുന്ന നേഴ്സുമാരുടെ വീടുകളിലേക്ക് വിളിച്ചും ഭീഷണിയുണ്ടായി. കൂടാതെ ഒരാശുപത്രി സമരം ചെയ്യുന്ന നേഴ്സുമാരെ പിരിച്ചുവിട്ടുകൊണ്ടുള്ള നോട്ടീസ് വരെ പുറത്തിറക്കി. ഇന്ത്യയിലെ വലിയ നഗരങ്ങളില്‍ ശാഖകളുള്ള ആശുപത്രികള്‍ ശക്തമായിട്ടാണ് സമരത്തെ പൊളിക്കാന്‍ മുന്നിട്ടറങ്ങിയത്. കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുമുണ്ടായ സമരത്തിന്റെ തുടര്‍ച്ചയായിട്ട് തന്നെയാണ് ചെന്നൈയിലും സമരമുണ്ടാകുന്നത്. എന്നാല്‍ സമരത്തെ പൊളിക്കാന്‍ രാഷ്ട്രീയക്കാരുടെ രഹസ്യപിന്തുണയോടെ ആശുപത്രി അധികൃതര്‍ സകല അടവും പുറത്തെടുത്തു.
അപ്പോളോ ആശുപത്രിയിലെ രജിസ്ട്രേഡ് നേഴ്സുമാരുടെ പ്രധാന ആവശ്യം ഇപ്പോഴത്തെ ശമ്പളമായ മൂവായിരത്തില്‍നിന്ന് പതിനായിരമായി ഉയര്‍ത്തണം. ചെന്നൈയിലെ ആശുപത്രികളില്‍ 25,00 രൂപമാത്രമാണ് തുടക്കക്കാര്‍ക്കുള്ള ശമ്പളം. അത് പിന്നീട് വര്‍ഷങ്ങള്‍കൊണ്ട് 5,200 ആയിമാറും. എന്നാല്‍ പതിനായിരമെങ്കിലുമില്ലെങ്കില്‍ ചെന്നൈയില്‍ ജീവിക്കാന്‍ പറ്റില്ലെന്നാണ് നേഴ്സുമാര്‍ പറയുന്നത്. മാര്‍ക്കറ്റിലും മറ്റും ജോലി ചെയ്യുന്നവര്‍ സമ്പാദിക്കുന്ന പണത്തിന്റെ അടുത്തുപോലുമെത്തില്ല നേഴ്സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളം.
പരസ്യത്തിനും മറ്റുമായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന ആശുപത്രികളാണ് നേഴ്സുമാര്‍ക്ക് അര്‍ഹിക്കുന്ന ശമ്പളം കൊടുക്കാന്‍ താല്‍പര്യം കാണിക്കാത്തത്. സര്‍ക്കാര്‍ ആശുപത്രിയില്‍ മുതിര്‍ന്ന നേഴ്സുമാര്‍ക്ക് 15,000 രൂപ വരെയാണ് ശമ്പളം ലഭിക്കുന്നത്. അതേസമയത്താണ് സ്വകാര്യ ആശുപത്രിയിലെ മുതിര്‍ന്ന നേഴ്സുമാര്‍ക്ക് അയ്യായിരം രൂപ മാത്രം ശമ്പളം കൊടുക്കുന്നത്.
മൂന്ന് ലക്ഷത്തിലധികം രൂപ ലോണ്‍ എടുത്തിട്ടാണ് പലരും നേഴ്സിംങ്ങ് കോഴ്സ് പഠിക്കുന്നത്. ലോണ്‍ തിരിച്ചടയ്ക്കാനുള്ള പണംപോലും പലര്‍ക്കും ലഭിക്കാറില്ല. ദുരിതപൂര്‍ണ്ണമായ ജീവിതത്തിലേക്കാണ് നേഴ്സുമാര്‍ എടുത്ത് ചാടുന്നതെന്ന് ചുരുക്കം. ശമ്പളം ലഭിക്കില്ലെന്ന് മാത്രമല്ല കഠിനമായ ജോലിയാണ് പലപ്പോഴും ചെയ്യേണ്ടിവരുന്നത്. വിശ്രമമില്ലാത്ത മണിക്കൂറുകളോളമാണ് നേഴ്സുമാര്‍ ജോലി ചെയ്യേണ്ടിവരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല