ജനങ്ങള്‍ക്കായി സര്‍ക്കാരിന്റെ പുതിയ ഭവന പദ്ധതിയാണ് ന്യൂബൈ സ്കീം. സ്വന്തമായൊരു വീട് എന്ന ജനങ്ങളുടെ സ്വപ്നം സത്യമാക്കാന്‍ ഇതിലൂടെ കഴിയും എന്നാണു സര്‍ക്കാര്‍ കരുതുന്നത്. ഈ സ്കീം അനുസരിച്ച് വെറും 5% നിക്ഷേപമേ ഉപഭോക്താക്കള്‍ നല്‍കേണ്ടതുള്ളൂ എന്നതും ജനങ്ങള്‍ക്ക് അനുകൂലമായ ഘടകമാണ്.
ബെനിഫിറ്റ്
വാങ്ങുന്ന വീടിനു 90%-95% വരെ മോര്‍ട്ട്ഗേജ് ലഭിക്കും എന്നുള്ളത് തന്നെയാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രയോജനം. ഇതേ രീതിയില്‍ മുന്‍ കാലങ്ങളില്‍ പദ്ധതികള്‍ നിലവില്‍ ഇരുന്നിരുന്നു എങ്കിലും പിന്നീട് അപ്രത്യക്ഷമാകുകയായിരുന്നു. ഇപ്പോള്‍ നിലവിലുള്ള പദ്ധതിയനുസരിച്ച് വീടിന്റെ നല്ലൊരു തുക ഡിപ്പോസിറ്റ് നല്‍കേണ്ടതിനാല്‍ പലര്‍ക്കും വാടകക്കാരായി തുടരേണ്ടി വരികയാണ്
കുറഞ്ഞ ഡിപ്പോസിറ്റില്‍ സ്വപ്ന ഭവനം ലഭിക്കാനുള്ള നിബന്ധനകള്‍ താഴെപ്പറയുന്നവയാണ്
ആര്‍ക്കെല്ലാം അപേക്ഷിക്കാം?
എല്ലാവര്ക്കും എല്ലാ വീടുകള്‍ക്കും ഈ പദ്ധതി ലഭ്യമാണ് എന്ന് കരുതുന്നവര്‍ക്ക് തെറ്റി. 500,000 പൌണ്ട് വരെ വില വരുന്ന ഭവനങ്ങള്‍ക്ക് മാത്രമേ ഈ പദ്ധതി ലഭ്യമാകൂ. ബ്രിട്ടീഷ് പൌരന്‍മാര്‍ക്കാണ് ഈ ഭവന പദ്ധതി ഉപയോഗിക്കുവാന്‍ സാധിക്കുക.
ഏതൊക്കെ കെട്ടിടനിര്‍മ്മാണ കമ്പനികള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു?
ബാരറ്റ്,ബെല്‍വേ,ലിന്‍ഡന്‍ ഹോംസ്,പെര്‍സിമ്മണ്‍,റെഡ്‌റോ,ടെയ്‌ലര്‍ വിംപി തുടങ്ങി പ്രധാനപെട്ട എല്ലാ കമ്പനികളും ഇതിനായി സഹകരിക്കുന്നുണ്ട്. മോര്‍ട്ട്ഗേജ് കമ്പനികളായ നാഷന്‍വൈഡ്,ബാര്‍ക്ലെയ്സ്,നാറ്റ്വെസ്റ്റ് തുടങ്ങിയ വന്‍ ഗ്രൂപ്പുകള്‍ ഈ പദ്ധതിക്ക് പിന്തുണയുമായി രംഗത്തുണ്ട്. സാന്ടന്ടെര്‍, ഹാലിഫാക്സ് തുടങ്ങിയവരും അടുത്ത മാസങ്ങള്‍ക്കുള്ളില്‍ ഈ പദ്ധതിയില്‍ ചേരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വില
ഭവനവിലയുടെ 95% മോര്‍ട്ട്ഗേജ് ആയി ലഭിക്കുന്നതിനാല്‍ ആദ്യ നിക്ഷേപം തുച്ചമായ തുകയ്ക്ക് ഒതുക്കാം. ബാര്‍ക്ലെയ്സ് രണ്ടു വര്‍ഷത്തെ മോര്‍ട്ട്ഗേജിനു 4.99% ആണ് പലിശ കണക്കാക്കുന്നത്. അത് നാല് വര്‍ഷത്തേക്കാകുമ്പോള്‍ 5.89% ആയും മാറുന്നു. അപ്പ്ലിക്കേഷന്‍ തുക 499 പൌണ്ട് ഇതിനായി ആദ്യം അടക്കെണ്ടതായി വരും. നാഷന്‍വൈഡ് മൂന്നു വര്‍ഷത്തെ പദ്ധതിയില്‍ 5.69% പലിശയിനത്തില്‍ വസൂലാക്കും. ഇതിനു പുറമേ 900പൌണ്ട് പ്രോഡക്റ്റ് ഫീ 99 പൌണ്ട് ബുക്കിംഗ് ഫീ ഇനത്തിലും വാങ്ങുന്നുണ്ട്. നാട്വേസ്റ്റ് കമ്പനിക്കും ഏറെക്കുറെ ഇതേ രീതിയിലുള്ള പദ്ധതിയാണ് ഉള്ളത്.
സര്‍ക്കാര്‍ സംരക്ഷണം
പണം കൃത്യമായി അടച്ചില്ലെങ്കില്‍ ബാങ്കുകള്‍ക്കു വീട് ജപ്തി ചെയ്യുവാനുള്ള അധികാരം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അതായത് നമ്മള്‍ വരുത്തുന്ന വീഴ്ചക്ക് സര്‍ക്കാര്‍ സമാധാനം പറയില്ല എന്ന് സാരം. എന്നാല്‍ നിയമപരമായി വീണ്ടും വീട് കൈക്കലാക്കാന്‍ ഉടമകള്‍ക്ക് സാധിക്കും വിധമാണ് ഇതിന്റെ വ്യവസ്ഥകള്‍ എന്നത് ഉപഭോക്താക്കള്‍ക്ക് തെല്ല് ആശ്വാസം നല്‍കുന്നു. അതിനാല്‍ ഈ പദ്ധതിയുടെ ഗുണം കൈപറ്റാന്‍ ഇപ്പോള്‍ തന്നെ നിങ്ങളുടെ മോര്‍ട്ട്ഗേജ് കമ്പനിയെയോ ഹൗസ് ബില്‍ഡിംഗ് കമ്പനിയെയോ സമീപിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല