അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവര്‍ദ്ധനവ് ബ്രിട്ടനിലെ കുടുംബങ്ങളുടെ ബഡ്ജറ്റിനെ തകിടം മറിച്ച് കൊണ്ടിരിക്കുകയാണല്ലോ, ഈ സാഹചര്യത്തില്‍ വാഹന ഉപയോഗത്തില്‍ വരുത്തുന്ന ചെറിയ ചെറിയ ചില മാറ്റങ്ങള്‍ നിങ്ങളുടെ ഇന്ധന ചെലവ് ചുരുക്കാന്‍ സഹായിക്കും..
ഇക്കോ-ഡ്രൈവിംഗ്
ആര്‍എസിയുടെ കണക്കുപ്രകാരം ഡ്രൈവിങ്ങില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഏതാണ്ട് എട്ട് ശതമാനത്തോളം ഇന്ധനചിലവ് കുറയ്ക്കാം. ഇതുമൂലം ഓരോ വര്‍ഷവും ശരാശരി 50 മുതല്‍ 100 പൌണ്ട് വരെ ലാഭിക്കാം. വാഹന നിര്‍മാതാക്കള്‍ വളരെ പതുക്കെ വാഹനമോടിക്കാനാണ് നിര്‍ദേശിക്കുക, കാറുകള്‍ 50mph നും 60mph നും ഇടയില്‍, 55mph ആണ് കാറിന്റെ ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ നല്ലത് എന്നാണു നിര്‍മാതാക്കള്‍ പറയുന്നത്. എങ്കിലും, ഈ ധാരണയെ തിരുത്തിക്കുറിച്ചുകൊണ്ട് വാട്ട് കാര്‍ മാഗസിന് വേണ്ടി ഇതേപറ്റി പഠനം നടത്തിയ പീറ്റര്‍ ടെ നയെര്‍ നിര്‍ദേശിക്കുന്നത് 40mph ല്‍ വാഹനം ഓടിക്കാനാണ്.
ഇനി മറ്റൊരു കാര്യം എയര്‍ കണ്ടീഷനരിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നുള്ളതാണ്, മിക്കപ്പോഴും എസി ഓഫ് ചെയ്തിട്ട് വാഹനത്തിന്റെ ഗ്ലാസ്സുകള്‍ തുറന്നിടുക. ഇതുവഴി 8 ശതമാനം ഇന്ധനം നിങ്ങള്‍ക്ക് ലാഭിക്കാം. പെട്ടെന്നുള്ള അക്സലറേഷന്‍, ബ്രേക്കിംഗ് എന്നിവയും പരമാവധി ഒഴിവാക്കുക ഒരേ വേഗതയില്‍ പോകുന്നതാണ് ഇന്ധന ചെലവ് കുറയ്ക്കാന്‍ സഹായിക്കുക. ക്രൂയ്സ് കണ്ട്രോളുകള്‍ ദീര്‍ഘദൂര യാത്രകളില്‍ ഇന്ധനചിലവ് ചുരുക്കാന്‍ സഹായകമാണ്.
അവസാനമായ് മൂന്നു മിനുട്ടില്‍ കൂടുതല്‍ വാഹനം നിര്‍ത്തേണ്ടി വന്നാല്‍ എഞ്ചിന്‍ ഓഫാക്കാന്‍ മടിക്കേണ്ടതില്ല.
ഡ്രൈവ് ചെയ്തു തുടങ്ങുന്നതിന് മുന്‍പ്..
അത്യാവശ്യമല്ലാത്ത വസ്തുക്കളെല്ലാം വാഹനത്തില്‍ നിന്നും ഒഴിവാക്കുക, വാഹനത്തിന്റെ ഭാരം കുറയുന്തോറും ഉപയോഗിക്കേണ്ട ഇന്ധനത്തിന്റെ അളവും കുറയും. വാഹനത്തിന്റെ ടയറില്‍ ആവശ്യത്തിനു കാറ്റുണ്ടെന്ന് ഉറപ്പു വരുത്തുക. കാറ്റില്ലാത്ത ടയര്‍ വെച്ച് വാഹനം ഓടിക്കുമ്പോള്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും അതുമൂലം കൂടുതല്‍ ഇന്ധനം ഉപയോഗിക്കെണ്ടാതായ് വരും. സോഫ്റ്റ് ടയര്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ് ഇന്ധനക്ഷമത 2 ശതമാനം വര്‍ദ്ധിപ്പിക്കും.
വാഹനം വാങ്ങുമ്പോള്‍..
വാഹനം വങ്ങുമ്പോള്‍ ഇന്ധനക്ഷമത കൂടി പരിഗണിക്കേണ്ടതുണ്ട്. ഒന്നോര്‍ക്കുക നിങ്ങള്‍ ഇന്ധനക്ഷമത കുറഞ്ഞ വാഹനമാണ് വാങ്ങുന്നതെങ്കില്‍ ആഴ്ചയില്‍ ഏതാണ്ട് 12 പൌണ്ട് അധികചിലവ് വരുമെന്ന് ഉറപ്പാണ്, അതുകൊണ്ട് ഇന്ധനക്ഷമത കൂടിയ വാഹനം തന്നെ വാങ്ങുക, ഇതോടൊപ്പം ഇപ്പോള്‍ ഇന്ധനക്ഷമതയുള്ള കാറുകള്‍ക്ക് ടാക്സില്‍ ഇളവും കിട്ടുമെന്ന് അറിയുക.
കുറഞ്ഞ വിലയില്‍ ഇന്ധനം എവിടെ കിട്ടും?
ഇന്ധന വില വിവരങ്ങള്‍ നല്‍കുന്ന വെബ് സൈറ്റുകളില്‍ നിന്നും നിങ്ങള്‍ക്ക് സമീപത്തുള്ള വില കുറവില്‍ ഇന്ധനം ലഭിക്കുന്ന പെട്രോളിയം സ്റ്റേഷനുകള്‍ കണ്ടെത്താവുന്നതാണ്. http://www.petrolprices.com/ എന്ന സൈറ്റില്‍ ഓരോ സ്ഥലത്തെയും വിവിധ പമ്പുകളിലെ വിലവിവരം ലഭ്യമാണ്.
ഇനി മറ്റൊരു കാര്യം ഇന്ധന വില കുറഞ്ഞു എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഒരു തീരുമാനം എടുക്കേണ്ടതില്ല. ഇത് പ്രാബല്യത്തില്‍ വരാന്‍ കുറച്ചു ദിവസമെടുക്കും. അതുകൊണ്ട് വില കൂടിയെന്ന് കേള്‍ക്കുമ്പോള്‍ അപ്പോള്‍ തന്നെ ഇന്ധനം നിറയ്ക്കുക വാഹനത്തില്‍, ഇനി അഥവാ കുറയുകയാണെങ്കില്‍ അത് പ്രാബല്യത്തില്‍ വരുന്നത് വരെ കാത്തിരിക്കുക.
ഇത്തരം ചെറിയ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ നിങ്ങള്‍ക്ക് ഒരു പരിധിവരെ ഇന്ധന വില വര്‍ദ്ധനയെ ചെറുത്തു നില്‍ക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല